ഈ പാപമൊക്കെ എവിടെ കൊണ്ട് തീര്‍ക്കും മോനെ: തന്നെ ഇടിച്ച് വീഴ്ത്തി മാല പൊട്ടിച്ച യുവാവിനോട് പോലീസ് സ്‌റ്റേഷനില്‍ വെച്ച് വയോധിക
'എനിക്കുമുണ്ട് മോനേ രണ്ടുമക്കള്‍. എന്തോരം ബുദ്ധിമുട്ടിയാ ഞാന്‍ അവരെ വളര്‍ത്തിയത്. നിനക്ക് ഇത്രയും തണ്ടും തടിയുമില്ലേ ജീവിക്കാന്‍. എന്നോടിതു ചെയ്തത് എന്തിനാടാ? 67 വയസില്ലേ ഈ അമ്മയ്ക്ക്...' വീട്ടുജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ തന്നെ മുഖത്തിടിച്ചു വീഴ്ത്തി മാലപൊട്ടിച്ചു കൊണ്ടുപോയ കള്ളനോട് ലോക്കപ് മുറിയില്‍ വയോധികയുടെ ചോദ്യമാണിത്.
കള്ളനെ പൊലീസ് പിടികൂടിയെന്നറിഞ്ഞ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തിയ വയോധിക പൊലീസിനോട് പറഞ്ഞത് ഒരേയൊരാവശ്യം, എനിക്കവനെ ഒന്നു കാണണം. ലോക്കപ് മുറിയില്‍ ഭിത്തിയും ചാരിയിരിക്കുകയായിരുന്ന കള്ളനെ കണ്ടപ്പോള്‍ വയോധിക ദേഷ്യവും ഗദ്ഗദവും കൊണ്ടു വീര്‍പ്പുമുട്ടി.
'ഈ പാപമൊക്കെ എവിടെക്കൊണ്ടെ തീര്‍ക്കും മോനേ? ഈ വക ആള്‍ക്കാരുടെയൊക്കെ മാല പൊട്ടിക്കണത് വലിയ കഷ്ടം തന്നെയാ. പാപം തീരില്ല നിനക്ക്. കണ്ടില്ലേ എന്റെ ചുണ്ട് തടിച്ചു വീര്‍ത്തിട്ടുണ്ട്. അവന്റെ കൈകൊണ്ടതാ...കണ്ടാ ചോരവീര്‍ത്തു കിടക്കണത്. മുട്ടും പൊട്ടി. റോഡിലൂടെ വലിച്ചോണ്ടു പോയപ്പോഴാ. എന്റെ കുട്ട്യോള് വെഷമിക്കുമെന്നു കരുതിയാ ഞാന്‍ ആശുപത്രീല്‍ പോയത്'കള്ളനോടും പൊലീസിനോടുമായി വയോധിക വിഷമം പങ്കുവച്ചു.
മാലമോഷണക്കുറ്റങ്ങളിലെ സ്ഥിരം പ്രതിയായ പാടൂക്കാട് പുലിക്കോട്ടില്‍ ബിജു ആണ് തൃശൂര്‍ സ്വദേശിനി ശാന്തയുടെ മാലപൊട്ടിച്ചു കടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മാല പൊട്ടിക്കുന്നതു ചെറുത്ത ശാന്തയെ ബിജു മുഖത്തിടിച്ചു വീഴ്ത്തി നിലത്തു കൂടി വലിച്ചിഴച്ചു. അക്രമത്തിനിടെ ബിജുവിന്റെ ചെരിപ്പില്‍ ഒരെണ്ണം ഊരിപ്പോയിരുന്നു. ചെരിപ്പ് പിന്തുടര്‍ന്നു പൊലീസ് എത്തി പിടികൂടാനുള്ള സാധ്യത കണക്കിലെടുത്ത് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതാണ് ബിജുവിനെ കുടുക്കിയത്.
https://www.facebook.com/Malayalivartha