പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകളുടെ മരണം താങ്ങാനാവാതെ രക്ഷിതാക്കള്‍
പത്തനാപുരത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ വേദനിച്ച് ബന്ധുക്കള്‍. ഇന്നലെ രാവിലെയാണ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ കുഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പിറവന്തൂര്‍ വെട്ടിത്തിട്ട പരുമൂട്ടില്‍ വീട്ടില്‍ ബിജു തോമസിന്റെ മകളും കലഞ്ഞൂര്‍ ഗവ.എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയുമായ റിന്‍സി(16)യെയാണു മരിച്ചത്. കഴുത്തില്‍ മുറിവുകളുമായി മരിച്ച നിലയില്‍ കാണപ്പെട്ടത്.
അമ്മ ബീനയാണു രാവിലെ ആദ്യം റിന്‍സി മരിച്ചുകിടക്കുന്നതു കണ്ടത്. കിടപ്പുമുറിയിലെ കട്ടിലില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കഴുത്തില്‍ കയര്‍ മുറുകിയതിന്റെയോ ബ്ലേഡ് പോലെയുള്ള വസ്തു കൊണ്ടു വരഞ്ഞതിന്റെയോ പാടുണ്ട്. മോഷണ ശ്രമത്തിന് ഇടെയുള്ള കൊലപാതകമാണെന്ന നിഗമനം പൊലീസിനുണ്ട്. എന്നാല്‍, മറ്റെന്തെങ്കിലും സംഭവം ഇതിന് പിന്നിലുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നു.
റിന്‍സിയുടെ മുറിയുടെ വാതിലും അവിടെ നിന്നു വീടിനു പുറത്തേക്കിറങ്ങുന്ന വാതിലും തുറന്നുകിടക്കുകയായിരുന്നു.
റിന്‍സി അണിഞ്ഞിരുന്ന ഒന്നര പവന്‍ മാല കാണാനില്ലെന്നു മാതാപിതാക്കള്‍ പറഞ്ഞു. രാത്രി 12 വരെ മുറിയിലിരുന്നു പഠിക്കുന്നതു കണ്ടതായി അമ്മ മൊഴി നല്‍കി. പുലര്‍ച്ചെ എഴുന്നേറ്റു പഠിക്കുന്ന ശീലമുള്ള റിന്‍സി രാവിലെ എഴുന്നേല്‍ക്കാതായതോടെ സംശയം തോന്നി ബീന നോക്കിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്. സമീപത്തെ വീട്ടില്‍ കൂട്ടുകിടക്കാന്‍ പോയിരുന്നതിനാല്‍ സഹോദരി ആന്‍സി വീട്ടിലുണ്ടായിരുന്നില്ല.
റിന്‍സിയുടെ മുറിയുടെ സമീപത്തെ മുറിയിലാണു മാതാപിതാക്കള്‍ ഉറങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും കിട്ടിയാലേ മരണത്തെ കുറിച്ചു വ്യക്തതയുണ്ടാകുകയുള്ളൂവെന്നു കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കെ.അജിത ബീഗം പറഞ്ഞു. സംസ്‌കാരം ഇന്നു നാലിനു പിറവന്തൂര്‍ അലിമുക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.
https://www.facebook.com/Malayalivartha