ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ നാലുപേരെ പോലീസ് പിടികൂടി , മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി
ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിനെ വെട്ടിക്കൊന്ന കേസില്‍ കൊലപാതക സംഘത്തിലുണ്ടായിരുന്ന ഒരാളടക്കം നാലു പേരെ പൊലീസ് പിടികൂടി. ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ്, മണിക്കുട്ടന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ പ്രമോദ് കൊലപാതകം നടത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. പ്രതികള്‍ സഞ്ചരിച്ച കരുതുന്ന മൂന്നു ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ആറു പേരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിനെയാണ് ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് വെട്ടിക്കൊന്നത്. വിനായക നഗറിലെ ഗൗരി സ്‌റ്റോറില്‍ നിന്ന് വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനിടെ ബൈക്കിലെത്തിയ പതിനഞ്ചോളം വരുന്ന അക്രമിസംഘം രാജേഷിനെ ആക്രമിക്കുകയായിരുന്നു. ആദ്യവെട്ടില്‍ കടയുടെ മുന്നിലേക്ക് വീണ രാജേഷിനെ, സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നുവെന്ന് സ്ഥലവാസികള്‍ പറഞ്ഞു.
തുടര്‍ന്ന് രാജേഷിന്റെ ഇടതുകൈ അക്രമികള്‍ വെട്ടിമാറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു. സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസാണ് പറമ്പില്‍ നിന്ന് കൈ കണ്ടെത്തിയത്. ഇരുകാലുകളിലും ശരീരത്തിലും നാല്‍പതോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ റോഡില്‍ കിടന്ന രാജേഷിനെ പൊലീസ് വാഹനത്തിലാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും 10.30 ഓടെ മരണം സംഭവിച്ചു.
https://www.facebook.com/Malayalivartha