മാര്‍ട്ടിനെതിരെ ഒറ്റയാള്‍ പോരാട്ടമായി തോമസ് ഐസക്
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരെ ഒറ്റയാള്‍ പോരാട്ടമായി ധനമന്തി ഡോ. തോമസ് ഐസക്. പാര്‍ട്ടി ഔദ്യോഗിക പക്ഷം ഒരു വശത്തു നില്‍ക്കുമ്പോള്‍ തോമസ് ഐസക്കാണ് മറു ചേരിയില്‍. ബോണ്ട് വിവാദത്തെത്തുടര്‍ന്ന് ഒരിക്കല്‍ ഒഴിവാക്കിയ മാര്‍ട്ടിന്റെ, മിസോറാം ലോട്ടറിയുടെ പരസ്യം ഈ മാസം 28ലെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലെ ഇതിനെതിരെ തോമസ് ഐസക് ശക്തമായി രംഗത്തുവരികയായിരുന്നു. പാര്‍ട്ടിയിലെയും പത്രത്തിലെയും ഒരു വിഭാഗം മാര്‍ട്ടിനു വേണ്ടി നിലകൊള്ളുമ്പോഴാണ് ഐസക്കിന്റെ എതിര്‍പ്പ്.
മാര്‍ട്ടിന്‍ ഏജന്റായ മിസോറാം ലോട്ടറി കേരളത്തില്‍ വില്ക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നാണ് ഫേസ് ബുക്കില്‍ ഐസക് പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയും ചട്ടം ലംഘിച്ചുമാണ് ലോട്ടറി വില്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ധനവകുപ്പ് മിസോറാം സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. നിയമം പാലിക്കാതെ ലോട്ടറി വില്ക്കാന്‍ ശ്രമിച്ചാല്‍ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. 2011ലെ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ലോട്ടറി എത്തിച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന തുക വില്ക്കുന്ന സംസ്ഥാനങ്ങളിലെ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണം.
അതിലൂടെ മാത്രമേ കമ്മീഷനും സമ്മാനങ്ങളും നല്കാവൂ. സര്‍ക്കാര്‍ പ്രസ്സിലോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള പ്രസ്സിലോ ആണ് ടിക്കറ്റ് അച്ചടിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാരിനെ അറിയിക്കണം. എന്നാല്‍ ഇതൊന്നും പാലിച്ചിട്ടില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പത്രപ്പരസ്യത്തിലൂടെയാണ് സര്‍ക്കാര്‍ കാര്യങ്ങളറിഞ്ഞത്. ഓരോ മാസവും വില്ക്കാന്‍ പോകുന്ന ടിക്കറ്റുകള്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. നാളെ എന്തു നടക്കുമെന്ന് കാത്തിരുന്നു കാണാമെന്ന മുന്നറിയിപ്പോടെ പോസ്റ്റ് അവസാനിക്കുന്നു.
ഇന്നലെത്തന്നെ ധനവകുപ്പ് ലോട്ടറിക്കെതിരെ നടപടി തുടങ്ങി. പാലക്കാട്ട് നടന്ന റെയ്ഡില്‍ അഞ്ചു കോടി ലോട്ടറിയാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ മാര്‍ട്ടിന്റെ പേരിലുള്ള പോര് പാര്‍ട്ടിയില്‍ മുറുകും.
ഫേസ് ബുക്ക് പോസ്റ്റിലും കൂരമ്പാണ് ഐസക് തൊടുത്തു വിട്ടിരിക്കുന്നത്. അവരെന്നാണ് വരിക എന്നു കാത്തിരിക്കുകയായിരുന്നു. അവസാനം ഇന്ന് എല്ലാ പത്രങ്ങളിലും പരസ്യമെത്തി. ഏഴാം തീയതി നറുക്കെടുക്കുന്ന മിസോറാം ലോട്ടറി വില്‍ക്കാന്‍ പോവുകയാണ്. അടുത്ത 54 ആഴ്ചയ്ക്കുള്ള പരസ്യപ്പാക്കേജ് ഓരോ പത്രത്തിനും വാഗ്ദാനം ചെയ്തിട്ടുണ്ട്. പരസ്യക്കമ്പനി ഏതെന്നു നോക്കിയപ്പോള്‍ പഴയ മാര്‍ട്ടിന്റെ കമ്പനി തന്നെ.
പാലക്കാട്ടെ ഒരു പഴയ ഗോഡൗണില്‍ കോടിക്കണക്കിനു രൂപയുടെ ടിക്കറ്റുമെത്തിയിട്ടുണ്ടെന്ന് ഐസക് പറയുന്നു. പക്ഷേ, ടിക്കറ്റു വില്‍ക്കാന്‍ കഴിയില്ല. ടിക്കറ്റ് എവിടെ കണ്ടാലും പിടിച്ചെടുക്കാന്‍ നികുതിവകുപ്പിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റു വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് കേരള ഭാഗ്യക്കുറിയുടെ ലൈസന്‍സ് ഉണ്ടെങ്കില്‍ അതു റദ്ദാക്കാനും ലോട്ടറിവകുപ്പിനു നിര്‍ദ്ദേശം നല്‍കി.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അവരെന്നാണ് വരിക എന്നു കാത്തിരിക്കുകയായിരുന്നു. അവസാനം ഇന്ന് എല്ലാ പത്രങ്ങളിലും പരസ്യമെത്തി. ഏഴാം തീയതി നറുക്കെടുക്കുന്ന മിസോറാം ലോട്ടറി വില്‍ക്കാന്‍ പോവുകയാണ്. അടുത്ത 54 ആഴ്ചയ്ക്കുള്ള പരസ്യപ്പാക്കേജ് ഓരോ പത്രത്തിനും വാഗ്ദാനം ചെയ്തിട്ടുണ്ടത്രേ. പരസ്യക്കമ്പനി ഏതെന്നു നോക്കിയപ്പോള്‍ പഴയ മാര്‍ട്ടിന്റെ കമ്പനി തന്നെ.
മാര്‍ട്ടിന്റെ പഴയ ഗോഡൌണുകളിലൂടെ നികുതിവകുപ്പുകാര്‍ ഒരോട്ടപ്രദക്ഷിണം നടത്തിയപ്പോള്‍ പാലക്കാട്ടെ ഒരു പഴയ ഗോഡൌണില്‍ കോടിക്കണക്കിനു രൂപയുടെ ടിക്കറ്റുമെത്തിയിട്ടുണ്ട്. പക്ഷേ, ടിക്കറ്റു വില്‍ക്കാന്‍ കഴിയില്ല. ടിക്കറ്റ് എവിടെ കണ്ടാലും പിടിച്ചെടുക്കാന്‍ നികുതി വകുപ്പിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റു വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് കേരള ഭാഗ്യക്കുറിയുടെ ലൈസന്‍സ് ഉണ്ടെങ്കില്‍ അതു റദ്ദാക്കാനും ലോട്ടറി വകുപ്പിനു നിര്‍ദ്ദേശം നല്‍കി.
ജിഎസ്ടിയില്‍ എറണാകുളത്ത് രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ട്. പക്ഷേ, അതു പോര. കേന്ദ്രസര്‍ക്കാരിന്റെ 2014ലെ സര്‍ക്കുലര്‍ പ്രകാരം ബന്ധപ്പെട്ട രേഖകളെല്ലാം അന്യസംസ്ഥാന ലോട്ടറി വില്‍പനക്കാര്‍ കേരള സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കണം. വെറുതേ ഒരു കത്തെഴുതിയാല്‍പ്പോര. വിശദാംശങ്ങള്‍ നല്‍കണം. അതൊന്നുമില്ല. അതുകൊണ്ട് മിസോറാം ലോട്ടറിയായി അംഗീകരിക്കില്ല. അനധികൃതമായ ലോട്ടറി വില്‍പനയാണ്.
രജിസ്‌ട്രേ്ഷന്‍ എടുത്താല്‍ മാത്രം പോര.
രജിസ്റ്റര്‍ ചെയ്ത ലോട്ടറി വില്‍പനക്കാരന്‍ വില്‍ക്കാന്‍ പോകുന്ന ടിക്കറ്റുകളുടെ എണ്ണവും നമ്പറും നല്‍കുകയും ആ ടിക്കറ്റുകള്‍ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരിശോധിക്കാന്‍ ഹാജരാക്കുകയും വേണം. നറുക്കെടുത്തു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ വില്‍ക്കാത്ത ടിക്കറ്റുകള്‍ ഹാജരാക്കുകയും വേണം. അല്ലാത്ത പക്ഷം മുഴുവന്‍ ടിക്കറ്റിനും നികുതി വേണം. ഈ ചട്ടവും പാലിച്ചിട്ടില്ല. അതുകൊണ്ടാണ് വില്‍ക്കാന്‍ കൊണ്ടുവന്ന ടിക്കറ്റുകള്‍ പിടിച്ചെടുക്കാന്‍ നികുതിവകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നാളെ എന്തു നടക്കുമെന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha