ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടിസ് അയച്ചു
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജരായ എ.എസ്. സുനില്‍രാജ് (അപ്പുണ്ണി) ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാനാണ് നിർദ്ദേശം. എത്രയും വേഗം ചോദ്യം ചെയ്യലിന് വിധേയനാകണമെന്ന് അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച തന്നെ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, നോട്ടിസ് ലഭിച്ചില്ലെന്നാണ് അഭിഭാഷകന്റെ വിശദീകരണം. ഇതേ തുടര്‍ന്നാണ് പുതിയ നടപടി.
ഭീഷണിയും മൂന്നാംമുറ പ്രയോഗവും ഉണ്ടാകുമെന്നു അപ്പുണ്ണി ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിയമ പ്രകാരം മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂ എന്നു പൊലീസ് ഉറപ്പാക്കണമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. സംശയകരമായ ചില സാഹചര്യങ്ങളെക്കുറിച്ചു വ്യക്തത തേടേണ്ടതുണ്ട്. നിലവില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും ചോദ്യം ചെയ്യലില്‍ കൂടുതല്‍ വസ്തുതകള്‍ വെളിപ്പെട്ടാല്‍ നിയമാനുസൃതം നടപടി സാധ്യമാണെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.
അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം സംസ്ഥാനത്തിനകത്തും പുറത്തും തിരഞ്ഞെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പള്‍സര്‍ ദിലീപിനെ ഫോണ്‍വിളിച്ചപ്പോഴും ഒപ്പമുണ്ടായിരുന്നത് അപ്പുണ്ണിയാണ്. അതുകൊണ്ട് തന്നെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ മാനേജരില്‍നിന്ന് അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha