ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രണ്ട് പേര് കൂടി പോലീസ് കസ്റ്റഡിയില്‍
ആര്.എസ്.എസ് പ്രവര്ത്തകന് രാജേഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. വിപിന്‍, മോനി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. നേരത്തെ കേസുമായി ബന്ധപ്പെട്ട് ശ്രീകാര്യം സ്വദേശികളായ പ്രമോദ്, ഗിരീഷ്, മഹേഷ്, മണിക്കുട്ടന്, ബിജിത്ത്, എബി എന്നിവരെ കാട്ടാക്കടയിലെ പുലിപ്പാറയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ട ബൈക്കുകളും പൊലീസ് കണ്ടെത്തി.
മണികണ്ഠനാണ് കേസിലെ മുഖ്യപ്രതി. ഇയാളുമായുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുന്‍പ് രാജേഷിന്റെ ബന്ധുവിന്റെ വീട് മണിക്കുട്ടന്റെ നേതൃത്വത്തില്‍ ആക്രമിച്ചിരുന്നു. ഈ കേസ് ഒതുക്കിതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുന്‍പ് മണിക്കുട്ടനും കൂട്ടരും രാജേഷിനെ സമീപിച്ചിരുന്നു. എന്നാല്‍, രാജേഷ് വഴങ്ങിയില്ല. ഇതിലുള്ള വൈരാഗ്യമാണ് രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷി ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് അക്രമികള്‍ ആക്രമിച്ചത്. വിനായക നഗറിലെ ഗൗരി സ്റ്റോറില്‍ നിന്ന് വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനിടെ ബൈക്കിലെത്തിയ പതിനഞ്ചോളം വരുന്ന അക്രമിസംഘം രാജേഷിനെ ആക്രമിക്കുകയായിരുന്നു. ആദ്യവെട്ടില്‍ കടയുടെ മുന്നിലേക്ക് വീണ രാജേഷിനെ, സംഘം വളഞ്ഞിട്ട് വെട്ടി.
തുടര്‍ന്ന് രാജേഷിന്റെ ഇടതുകൈ അക്രമികള്‍ വെട്ടിമാറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു. സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസാണ് പറമ്പില്‍ നിന്ന് കൈ കണ്ടെത്തിയത്. ഇരുകാലുകളിലും ശരീരത്തിലും നാല്പതോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ റോഡില്‍ കിടന്ന രാജേഷിനെ പൊലീസ് വാഹനത്തില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും 10.30 ഓടെ മരണം സംഭവിച്ചു.
https://www.facebook.com/Malayalivartha