2013 മുതല്‍ 2017 വരെ ഏകദേശം പത്തോളം സിനിമകളില്‍ ദിലീപും സുനിയും ഒന്നിച്ചുണ്ടായെന്ന് കണ്ടെത്തല്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍സുനിയെ അറിയില്ലെന്ന ദിലീപിന്റെയും കാവ്യയുടെയും മൊഴികള്‍ പൊളിയുന്നു. അവരുടെ മൊഴി തെറ്റാണെന്ന തെളിവുകളാണ് പോലീസിന് ലഭിച്ചത്. 2013 മുതല്‍ 2017 വരെ ഏകദേശം പത്തോളം സിനിമകളില്‍ ദിലീപും സുനിയും ഒരുമിച്ചുണ്ടായിരുന്നു. ഇവയിലെ ചിലതില്‍ നായിക കാവ്യാമാധവനായിരുന്നു. ദിലീപും കാവ്യയും ഒരുമിച്ച് അവസാനം അഭിനയിച്ച പിന്നെയും സിനിമയിലെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച പൊലീസ് അന്വേഷണം നടത്തുകയും അവിടെ സുനിയുടെ സാന്നിദ്ധ്യം തിരിച്ചറിയുകയും ചെയ്തിരുന്നു. ഈ സെറ്റില്‍ നിന്നും മൂവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പള്‍സര്‍ സുനിയും ദിലീപും അടുത്ത് ബന്ധമുള്ള ആള്‍ക്കാരായിരുന്നു എന്ന് തെളിയിക്കുന്ന ചില സാക്ഷി മൊഴികളും വിവരങ്ങളും പൊലീസിന് കിട്ടിയതായിട്ടാണ് സൂചന. ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസിന് വിവരം കിട്ടിയിട്ടുള്ളത്. നേരത്തേ ചോദ്യം ചെയ്യലില്‍ തനിക്ക് കാവ്യയുമായി അടുത്തു പരിചയം ഉണ്ടെന്നും താന്‍ മുമ്പ് രണ്ടു മാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നെന്നും സുനി മൊഴി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് സുനിയെ അറിയുകയേ ഇല്ലെന്നായിരുന്നു കാവ്യാമാധവന്‍ പൊലീസിനോട് പറഞ്ഞത്. ഈ മൊഴി പൊളിക്കാനാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്.
നേരത്തേ സൗണ്ട് തോമ മുതല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള സിനിമകളുടെ കാര്യം താന്‍ ആരോടും പറയില്ലെന്ന് സുനി ദിലീപിനെഴുതിയത് എന്ന് കരുതുന്ന കത്തിലും പറഞ്ഞിരുന്നു. നടനും സുനിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം എത്ര ശക്തമായിരുന്നെന്നാണ് പൊലീസ് നോക്കുന്നത്. ഡ്രൈവറായും വെറും സന്ദര്‍ശകനായും ദിലീപിന്റെ ഏതൊക്കെ സിനിമകളില്‍ സുനി ഉണ്ടായിരുന്നെന്നു പരിശോധിക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യയുമായി പരിചയമുണ്ടെന്ന സുനിയുടെ മൊഴി അടിസ്ഥാനപ്പെടുത്തി സുനിയും ദിലീപും കാവ്യയും ഒന്നിച്ചുണ്ടായിരുന്ന സിനിമകളുടെ കണക്കുകള്‍ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് പൊലീസിന് ഈ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്. 2013 മാര്‍ച്ച് മുതല്‍ 2017 വരെ 13 സിനിമകള്‍ അഭിനയിച്ചതില്‍ 10 ലും സുനി ദിലീപിനെ കാണാന്‍ വന്നിരുന്നതായിട്ടാണ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു. കേസില്‍ ഒളിവിലായിരിക്കുന്ന അപ്പുണ്ണിയോടും ഇന്ന് ഇവിടെയെത്താന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെളിവ് നശിപ്പിക്കുന്നതിനും കാര്യങ്ങള്‍ മറച്ചു പിടിക്കുന്നതിനും അപ്പുണ്ണി ദിലീപിനെ സഹായിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തല്‍. 2017 ഏപ്രില്‍ ജയിലില്‍ നിന്നും സുനി വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു.
ഇവരുടെ ഫോണ്‍ ഡീറ്റെയ്ല്‍സും ടവര്‍ ലൊക്കേഷനുകളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. വിഷ്ണുവിന്റെ കയ്യില്‍ സുനി കൊടുത്ത കത്ത് കൈമാറാന്‍ ഏലൂരില്‍ അപ്പുണ്ണി എത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാരംഗത്തുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും പൊലീസിന് നീക്കമുണ്ട്. നടിയെ ദിലീപ് ആക്രമിക്കുമെന്നു സിനിമയിലെ പ്രമുഖര്‍ക്ക് അടക്കം അറിയാമായിരുന്നുവെന്നാണു പൊലീസ് നല്‍കുന്ന സൂചന.
ദിലീപിന് നടിയോടുണ്ടായിരുന്ന ശത്രുത അറിയാമായിരുന്നിട്ടും അത് എന്തിനു മറച്ചുവച്ചു എന്നാവും ഇവരോടു പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിക്കുക.
https://www.facebook.com/Malayalivartha