തത്ക്കാലം ആശ്വസിക്കാം... രാഷ്ട്രീയ അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സിപിഎമ്മും ബിജെപിയും; അണികളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും
രാഷ്ട്രീയ സംഘര്‍ഷം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സിപിഎമ്മും ബിജെപിയും സംയുക്തമായി തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഘര്‍ഷം ഒരാളുടെ ജീവനെടുത്ത പശ്ചാത്തലത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിലാണ് അക്രമം പടരുന്നത് തടയാന്‍ നേതൃതലത്തില്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഒ. രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അക്രമം തടയുന്നതിന് ഇരു കൂട്ടരും അണികളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. അക്രമ സംഭവങ്ങളില്‍നിന്ന് ഇരു കൂട്ടരുടെയും അണികള്‍ ഒഴിഞ്ഞുനില്‍ക്കുന്നതിനുള്ള ജാഗ്രത പുലര്‍ത്തും. തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറാം തിയതി വൈകിട്ട് മൂന്നു മണിക്ക് സര്‍വകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്കു നേരെയും കോടിയേരിയുടെ മകന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. ഇനി മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടായിരിക്കും. കോട്ടയത്തെയും കണ്ണൂരിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതാത് സ്ഥലങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച സംഘടിപ്പിക്കും. ഏതെങ്കിലും സംഭവങ്ങളില്‍ പാര്‍ട്ടി ഓഫിസുകളോ സംഘടനാ ഓഫിസുകളോ വീടുകളോ ആക്രമിക്കാന്‍ പാടില്ലെന്നതു നേരത്തേയുള്ള തീരുമാനമാണ്. അതു നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha