മുഖ്യമന്ത്രിയുടെ ചര്‍ച്ച അപഹാസ്യം: അണികളെ കൊല്ലാന്‍ വിട്ടിട്ട് നേതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും രമേശ് ചെന്നിത്തല
ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ച അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അണികളെ കൊല്ലാന്‍ വിട്ടിട്ട് നേതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തെ തുടര്‍ച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തുകയാണ്. അതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി ശിവന്‍കുട്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍കുട്ടി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ സമാധാന ചര്‍ച്ച.
സംസ്ഥാനത്തെ തുടര്‍ച്ചയായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ ഇന്നലെ വിളിച്ചു വരുത്തിയിരുന്നു. അക്രമങ്ങളില്‍ അസംതൃപ്തി അറിയിച്ച ഗവര്‍ണര്‍, സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞിരുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.അപ്രതീക്ഷിതമായുണ്ടായ ഹര്‍ത്താലില്‍ പ്രതിഷേധിച്ചും, സംസ്ഥാനത്തുണ്ടാകുന്ന വ്യാപക അക്രമങ്ങളില്‍ സിപിഐഎമ്മും ബിജെപിയും ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും, മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം വെടിഞ്ഞ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുമാണ് രമേശ് ചെന്നിത്തല ഉപവാസം ആരംഭിച്ചിരുന്നത്.
അതേസമയം ജനങ്ങളില്‍ ഭീതി നിറച്ച് സമാധാന അന്തരീക്ഷവും സൈ്വര്യ ജീവിതവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി ജെ പി യുടെയും സി പി എം ന്റെയും പ്രവര്‍ത്തകര്‍ ആയുധമുപേക്ഷിച്ച് സമാധാനം പുനസ്ഥാപിക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha