അപ്പുണ്ണിയെ ചോദ്യം ചെയ്ത് വിട്ടയച്ചു;ഫോണ്‍ കസ്റ്റഡിയിലെടുത്തു
നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിലെ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ മാനേജറും ഡ്രൈവറുമായ എ.എസ്. സുനില്‍രാജ് എന്ന അപ്പുണ്ണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇന്ന് രാവിലെയാണ് അപ്പുണ്ണി ആലുവ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്. അപ്പുണ്ണി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഹാജരാകണമെന്ന കോടതി ഉത്തരവു നിലനില്‍ക്കുന്നതിനാല്‍ മാധ്യമങ്ങളെല്ലാം അപ്പുണ്ണിയെ കാത്ത് ആലുവ പൊലീസ് ക്ലബിനു മുന്നിലുണ്ടായിരുന്നു. 11 മണിയോടുകൂടി ഇയാള്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് വൃത്തങ്ങളില്‍നിന്നുള്ള സൂചന. ഈ പശ്ചാത്തലത്തില്‍ അപ്പുണ്ണിയെത്തിയാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള തയാറെടുപ്പുകളുമായാണ് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് ക്ലബ്ബിനു മുന്നില്‍ നിലയുറപ്പിച്ചത്.
അതിനിടെയാണ് പൊലീസ് ക്ലബിന്റെ പ്രധാന വഴിയില്‍നിന്നു മാറി മറ്റൊരു വഴിയില്‍ അപ്പുണ്ണിയോടു മുഖസാദൃശ്യമുള്ള ഒരാള്‍ എത്തിയത്. അപ്പോള്‍ സമയം രാവിലെ 10:40. മൊബൈല്‍ നോക്കിയെത്തിയ ഇയാളോട് അപ്പുണ്ണിയാണോ എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതേയെന്നു മറുപടി. ഇതോടെ മാധ്യമപ്രവര്‍ത്തകരെല്ലാം ഇയാള്‍ക്കു ചുറ്റും കൂടി. തിക്കിത്തിരക്കിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ പൊലീസ് ക്ലബിന്റെ ഗേറ്റ് തുറന്ന് ഇയാള്‍ അകത്തു പ്രവേശിച്ചു. പൊലീസെത്തി ഇയാളെ അകത്തേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് യഥാര്‍ഥ അപ്പുണ്ണി കാറില്‍ പൊലീസ് ക്ലബിലെത്തിയത്. ആളുമാറിയ വിവരം മനസിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോഴേക്കും 'യഥാര്‍ഥ അപ്പുണ്ണി' തിരക്കിട്ട് പൊലീസ് ക്ലബ്ബിനകത്തേക്കു നീങ്ങി. ആദ്യമെത്തിയത് അപ്പുണ്ണിയുടെ സഹോദരന്‍ ഷിബുവാണെന്ന് പിന്നീടാണ് വ്യക്തമായത്.
അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചു ദിലീപുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നു ചില സിനിമാ പ്രവര്‍ത്തകരുടെ മൊഴി പൊലീസിന്റെ സംശയത്തിനു ബലം പകരുന്നതാണ്. സുനില്‍കുമാര്‍ ജയിലില്‍ വച്ചെഴുതിയ കത്ത് ദിലീപിനു കൈമാറാന്‍ സുനിലിന്റെ സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ ബന്ധപ്പെട്ടത് അപ്പുണ്ണിയെയായിരുന്നുവെന്നാണു പൊലീസിനു ലഭിച്ച തെളിവുകള്‍.
കത്ത് കൈപ്പറ്റാന്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്നു കത്തിന്റെ ചിത്രം വാട്‌സാപ് ചെയ്തുകൊടുത്തത് അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ഇതു സംബന്ധിച്ചും പൊലീസിനു വിവരം ശേഖരിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha