ഉപദ്രവിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ കാണിച്ചുവെന്ന പ്രചാരണം: അന്വേഷണം തുടങ്ങി
അന്വേഷണം ശക്തം. നടന് ദിലീപ് പ്രതിയായ കേസില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് വിഭാഗം വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചെന്നു പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇത്തരത്തില്‍ തെറ്റായ പ്രചാരണം നടത്തിയത് അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്ന നിഗമനത്തെ തുടര്‍ന്നാണു പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങിയത്.
ആരോപണം നേരിട്ട മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ മൊഴികള്‍ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രചാരണം വസ്തുതാപരമല്ലെന്നു ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കേസിലെ പ്രതികള്‍ ഒളിപ്പിച്ച നിര്‍ണായക തൊണ്ടിമുതലുകള്‍ പലതും ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.
അറസ്റ്റിലായ പ്രതികളും പൊലീസിനെ വഴിതെറ്റിക്കുന്ന മൊഴികളാണു പറയുന്നത്. ഈ സാഹചര്യത്തിലാണു കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രദര്ശിപ്പിച്ചതായുള്ള പ്രചാരണമുണ്ടായത്. കേസില്‍ ലഭ്യമായ ഇത്തരം ദൃശ്യങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ചോര്‍ന്നു എന്നാണ് ആരോപണമുണ്ടായത്.
https://www.facebook.com/Malayalivartha