ഭാര്യയുമായുള്ള കലാശത്തില്‍ പൊലിഞ്ഞത് മാസങ്ങള്‍ പ്രായമുള്ള കുഞ്ഞു ജീവന്‍
നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛന്‍ ചെറുതോണി ഗാന്ധിനഗര്‍ കോളനി പൂതക്കുഴിയില്‍ അനിലി(38)നെ അറസ്റ്റുചെയ്തു. ഭാര്യയുമായി ഉണ്ടായ വഴക്കിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. വഴക്കിനിടെ കരഞ്ഞ കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ അനില്‍ ശ്രമിച്ചു. കുഞ്ഞ് കരച്ചില്‍ നിര്‍ത്താതായപ്പോള്‍ തൊട്ടില്‍ ബലമായി ആട്ടിവിട്ട് സമീപത്തെ കതകില്‍ ഇടിപ്പിക്കുകയായിരുന്നു.
ഇതെത്തുടര്‍ന്ന് കുഞ്ഞ് അബോധാവസ്ഥയിലായി. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ ഗ്രീഷ്മ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. ഇയാളും വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെങ്കിലും പിന്നീട് തിരികെ വന്ന് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹ പരിശോധനയില്‍ കുട്ടിയുടെ തലയോട്ടി പൊട്ടിയതു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
കുഞ്ഞിന്റെ മരണകാരണം മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയുടെമേല്‍ ചുമത്താന്‍ അനില്‍ ശ്രമം നടത്തി. എന്നാല്‍ ഇടുക്കി സിഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലും തുടര്‍ന്നുള്ള ചോദ്യംചെയ്യലിലും അനില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha