പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ആനി രാജ
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍, ഇരയെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന് സി.പി.ഐ നേതാവും ദേശീയ വനിതാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്റ് ആണോയെന്ന് സംശയമുണ്ട്. ബന്ധമുള്ള ആര്‍ക്കോ കേസില്‍ പങ്കുണ്ടെന്ന പോലെയാണ് പി.സി ജോര്‍ജിന്റെ പെരുമാറ്റമെന്നും ആനി രാജ പറഞ്ഞു.
ക്രൂരപീഡനം നടന്നെങ്കില്‍ നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയി എന്നതായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. ഡല്‍ഹിയിലെ നിര്‍ഭയെ പോലെയാണ് സംഭവം നടന്നത് എന്നാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നും പി.സി ജോര്‍ജ് പറഞ്ഞു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിന്റെ നിജസ്ഥിതി ഇനിയും പുറത്ത് വരാനിരിക്കെ എം.എല്‍.എ കൂടിയായ ജോര്‍ജ് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുന്ന പ്രസ്താവനകളുമായി നിരന്തരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയാണ്.
സമൂഹത്തിലെ നിരവധി പേര്‍ കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയാതിരിക്കെയാണ് ആദ്യഘട്ടം മുതല്‍ രാജ്യത്ത് ഇത് സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളെയും കോടതി വിധിയെയും വെല്ലുവിളിച്ച് പി.സി ജോര്‍ജ് പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ജോര്‍ജിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പി.സി. ജോര്‍ജ്, ആക്രമിക്കപ്പെട്ടെ നടിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, മഹിളാ നേതാക്കളായ ബിന്ദു കൃഷ്ണ, ടി.എന്‍.സീമ എന്നിവരും സാമൂഹ്യപ്രവര്‍ത്തക ഭാഗ്യലക്ഷ്മിയും സമാന ആവശ്യവുമായി രംഗത്തെത്തിത്തിയിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലക്കും പൗരന്‍ എന്ന നിലക്കുമുള്ള എല്ലാ കടമകളും മറന്ന് ഇരയെ അപമാനിക്കുന്ന പി.സി ജോര്‍ജിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha