അപ്പുണ്ണിയും കൈവിട്ട സാഹചര്യത്തില്‍ അറ്റകൈ പ്രയോഗത്തിനൊരുങ്ങി ദിലീപ്
മനസാക്ഷി സൂക്ഷിപ്പുകാരനായ അപ്പുണ്ണി എന്ന സുനില്‍രാജ് ദിലീപിനെതിരെ മൊഴി നല്‍കിയതോടെ ജനപ്രിയന്‍ ശരിക്കും കുരുക്കിലായിരിക്കുകയാണ്. പള്‍സര്‍ സുനിയെ ഫോണ്‍വിളിച്ചതടക്കം ദിലീപിന് അറിയാമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതാണ് അപ്പുണ്ണിയുടെ മൊഴി.
ഇതോടെ കേസന്വേഷണം ദിലീപില്‍ തന്നെ കേന്ദ്രീകരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുറത്ത് കടക്കാനുള്ള എല്ലാ വഴികളും തേടുകയാണ് ദിലീപും അഭിഭാഷകരും.
നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങാന്‍ ഇതുവരെ നടത്തിയ ശ്രമങ്ങളൊക്കെ തന്നെ പരാജയപ്പെടുകയായിരുന്നു. അങ്കമാലി മജിസ്‌ട്രേററ് കോടതിയും ഹൈക്കോടതിയും ഒരുപോലെ ദിലീപിന് ജാമ്യം നിഷേധിച്ചു.
ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത ദിലീപിന്റെ അഭിഭാഷകര്‍ തേടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി അഭിഭാഷകന്‍ ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തി ചര്‍ച്ച നടത്തി. ദിലീപിന്റെ വലംകൈ ആയ അപ്പുണ്ണിയുടെ മൊഴി കൂടി എതിരായ സാഹചര്യത്തിലാണ് പുതിയ നീക്കം എന്നാണ് സൂചന. അപ്പുണ്ണി പിടിയിലാകും മുന്‍പ് ജാമ്യം നേടി പുറത്തിറങ്ങുക എന്ന ദിലീപിന്റെ ഉദ്ദേശം ലക്ഷ്യം കണ്ടിരുന്നില്ല.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്റെ അഭിഭാഷകനായ അഡ്വക്കേറ്റ് രാംകുമാറിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു കൂടിക്കാഴ്ച.
ജാമ്യാപേക്ഷയുമായി ഉടന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ല എന്ന് അന്ന് ദിലീപ് അഭിഭാഷകരോട് പറഞ്ഞതായാണ് വിവരം. കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷം മതി സുപ്രീം കോടതിയെ സമീപിക്കല്‍ എന്നാണത്രേ ദിലീപ് നിര്‍ദേശിച്ചത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ ദിലീപിന് കൈവിട്ട് പോവുകയാണ്.
അതേസമയം ജാമ്യാപേക്ഷയുമായി ഒരുവട്ടം കൂടി ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. സുപ്രീം കോടതിയെ സമീപിച്ചാലും വിധി പറയാന്‍ കുറഞ്ഞത് 40 ദിവസമെങ്കിലും വേണ്ടി വരുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണത്രേ ഇത്. ഇവിടെ നിന്നും വിധിവിശദാംശങ്ങള്‍ ലഭിക്കാനുളള കാലതാമസം ഉള്‍പ്പെടെ ആണിത്.
https://www.facebook.com/Malayalivartha