വീണ്ടും പള്‍സര്‍ സുനി; നടി ആക്രമിക്കപ്പെട്ട കേസില്‍ 'എല്ലാവരും പിടിയിലായിട്ടില്ല'
നടി ആക്രമിക്കപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോടാണ് സുനിയുടെ പ്രതികരണം. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. കൂട്ടുപ്രതികളായ സുനിലിനെയും വിജീഷിനെയും ഹാജരാക്കി.
രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന സുനിയുടെ അപേക്ഷയും അഭിഭാഷകനായ ആളൂര്‍ ഇന്ന് സമര്‍പ്പിക്കും. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള സിനിമാ രംഗത്തുള്ളവരെക്കുറിച്ച് പറയാനുള്ളതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാണ് അപേക്ഷ.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യുമെന്നും വിവരങ്ങളുണ്ട്. ഇന്നലത്തെ ചോദ്യംചെയ്യലില്‍ കേസ് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. പള്‍സര്‍ സുനിയെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്ന് അപ്പുണ്ണി പൊലീസിനോട് സമ്മതിച്ചു. അറിയാത്ത ഭാവത്തില്‍ സംസാരിക്കാന്‍ ദിലീപാണ് നിര്‍ദേശം നല്‍കിയതെന്നും അപ്പുണ്ണി പറഞ്ഞു.
ജയിലില്‍നിന്ന് സുനി അയച്ച കത്തിന്റെ കാര്യവും തനിക്ക് അറിയാമായിരുന്നെന്നും അപ്പുണ്ണി സമ്മതിച്ചു. ദിലീപിന് സുനിയെ നേരത്തെ അറിയാമായിരുന്നു. സുനി ദിലീപിനെ ഫോണില്‍ വിളിച്ചപ്പോള്‍ താനായിരുന്നു ഫോണ്‍ എടുത്തത്.
പള്‍സര്‍ സുനിയുമായി താന്‍ ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അപ്പുണ്ണി പറഞ്ഞു. ആ സമയത്ത് ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആറുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
https://www.facebook.com/Malayalivartha