നടിയുടെ പിന്തുണയോടുകൂടി അജു വര്‍ഗീസ് ഹൈക്കോടതിയില്‍
ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയെന്ന കേസില്‍ തനിക്കെതിരെ കേസെടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് അജു വര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള നടിയുടെ സത്യവാങ്മൂലവും അജു കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അജു തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായിട്ടല്ല പേരു വെളിപ്പെടുത്തിയതെന്നും നടി സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
ജൂണ്‍ 26നാണ് നടന് ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നടിയുടെ പേര് സഹിതം അജു ഫേസ്ബുക്ക് പോസ്റ്റിട്ടത്. നടിയോട് ചെയ്തത് ശുദ്ധ പോക്രിത്തരമാണെന്നും അതിന് ഒരു ന്യായീകരണവും ഇല്ലെന്നും അജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. അതേസമയം, ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
രണ്ടും രണ്ടാണെന്ന് മനസിലാക്കാനുള്ള വിവേകം നൂറ്ശതമാനം സാക്ഷരത അവകാശപ്പെടുന്ന പൊതുസമൂഹം കാണിക്കണം. സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെയെന്നും അജു ചോദിച്ചിരുന്നു. ഇത് വിവാദമായതോടെ അജു തൊട്ടടുത്ത ദിവസം മാപ്പ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha