അത്യാധുനിക സജീകരണങ്ങളുള്ള വാഹനങ്ങൾ രംഗത്തിറക്കാൻ തീരുമാനിച്ച് മോട്ടോർ വാഹനവകുപ്പ്
ഉദ്യോഗസ്ഥരെ മാത്രമല്ല, മോട്ടോർ വാഹനവകുപ്പിന്റെ വാഹനങ്ങളെയും ഗതാഗത നിയമലംഘകർക്ക് പേടിക്കണം. ദൃശ്യങ്ങൾ പകർത്താനും ഗതാഗതക്കുറ്റങ്ങൾ കൈയോടെ പിടികൂടാനും കഴിയുന്ന അത്യാധുനിക കാമറകൾ ഘടിപ്പിച്ച 40 വാഹനങ്ങളാണ് മോട്ടോർ വാഹനവകുപ്പ് നിരത്തിലിറക്കുന്നത്. യാത്രികരെ കൈ കാണിച്ച് നിർത്തി പരിശോധിക്കാതെ വാഹനങ്ങളുടെ സമഗ്രവിവരങ്ങൾ കാമറ സമാഹരിക്കും. പ്രത്യേകം തയാറാക്കിയിട്ടുള്ള സോഫ്റ്റ്വെയറിൽ കാമറ ഘടിപ്പിക്കുന്നതോടെ റെക്കോഡ് ചെയ്ത സമയത്തിനുള്ളിൽ കടന്നുപോയ വാഹനങ്ങളുടെ നിയമലംഘനങ്ങളും അവയുടെ വകുപ്പും പിഴയുമെല്ലാം ചിത്രമടക്കം പ്രിൻറായി നൽകും. വാഹനത്തിന്റെ വേഗവും പെർമിറ്റും ഇൻഷുറൻസും ഹെൽമറ്റില്ലാത്ത ഇരുചക്രയാത്രയുമടക്കം കാമറ കൃത്യമായി നിരീക്ഷിക്കും. വാഹനനമ്പറടക്കം വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയിട്ടുള്ള വെബ്സൈറ്റുമായി ബന്ധപ്പെടുത്തിയാണ് സോഫ്റ്റ്വെയർ പ്രവർത്തിക്കുക.ഉദ്യോഗസ്ഥരില്ലെങ്കിലും വാഹനം ജോലി ചെയ്യും. അത്യാധുനിക സങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വാഹനപരിശോധന കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹനവകുപ്പ് ‘കാമറ വാഹന’ങ്ങൾ നിരത്തിലെത്തിക്കുന്നത്.ഒാരോ ആർ.ടി ഒാഫിസിനും പുതിയ വാഹനം നൽകാനാണ് ട്രാൻസ്പോർട്ട് കമീഷണറേറ്റിന്റെ തീരുമാനം. ഒപ്പം പഴയ വാഹനങ്ങൾ പൂർണമായും ഒഴിവാക്കും. റോഡുകളിലെ നിരീക്ഷണത്തിന് 17 പുതിയ ഇൻറർസെപ്റ്റർ വെഹിക്കിളുകളും സജ്ജമാക്കിയിട്ടുണ്ട്. 40 പുതിയ വാഹനങ്ങളുടെയും ഇൻറർസെപ്റ്ററുകളുടെയും ഉദ്ഘാടനം ആഗസ്റ്റ് ആദ്യവാരം നടക്കുമെന്നാണ് വിവരം.നിലവിൽ മോട്ടോർ വാഹനവകുപ്പിന് ഏഴ് ഇൻറർസെപ്റ്ററുകളുണ്ട്. എല്ലാ ജില്ലകൾക്കും ഇവ എത്തിയിട്ടില്ല. ഇൗ സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങളോടെ 17 ഇൻറർസെപ്റ്ററുകൾ കൂടി നിരത്തിലെത്തുന്നത്. നേർരേഖയിൽ രണ്ട് കിലോമീറ്റർ പരിധിയിലുള്ള വാഹനങ്ങളെ നിരീക്ഷിക്കാൻ രണ്ട് ലേസർ കാമറ, റഡാർ, ശബ്ദം പരിശോധിക്കുന്നതിനുള്ള ഡെസിബെൽ മീറ്റർ, സൺ ഗ്ലാസ് ഫിലിമിന്റെ സുതാര്യത അളക്കുന്നതിനുള്ള ടിൻ മീറ്റർ, ഹെഡ്ലൈറ്റിന്റെ വെളിച്ചം പരിശോധിക്കാനുള്ള സംവിധാനം, ലാപ്ടോപ് എന്നിവ ഇൻറർസെപ്റ്ററിലുണ്ടാകും.
https://www.facebook.com/Malayalivartha