പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പ്രചാരണം എഡിജിപിയെ ലക്ഷ്യംവെച്ച്: ഇന്റലിജന്‍സ്
അതിലും ഗൂഢതന്ത്രം. നടിയെ ഉപദ്രവിച്ച കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ ക്യാമറാ ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള പ്രചാരണത്തിനു പിന്നില്‍ അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എഡിജിപിയെ മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയെന്ന് ഇന്റലിജന്‍സ്.
നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ദൃശ്യങ്ങളുടെ പകര്‍പ്പാണു കേസിലെ നിര്‍ണായക തെളിവ്. വിചാരണഘട്ടത്തില്‍ ഇരകള്‍ കൂറു മാറിയാല്‍പോലും ഇത്തരം ദൃശ്യങ്ങളുടെ നിയമസാധുത പ്രോസിക്യൂഷനു പിടിവള്ളിയാണ്. സൈബര്‍ ഫൊറന്‍സിക് ലാബിലെ പരിശോധനകള്‍ക്കു ശേഷം മുദ്രവച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന പീഡന ദൃശ്യങ്ങള്‍ കൊച്ചിയിലെ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ലാബില്‍ വിദ്യാര്‍ഥികള്‍ക്കു മുന്‍പാകെ പ്രദര്‍ശിപ്പിച്ചെന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നത്.
അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ പൊലീസ് തെളിവെടുപ്പു നടത്തി. വിദ്യാര്‍ഥികള്‍, ക്ലാസെടുത്ത അധ്യാപകന്‍, കോളജിലെ ഫൊറന്‍സിക്ക് വിഭാഗം മേധാവി എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി.
ആരോപിക്കപ്പെട്ട രീതിയിലുള്ള ഒരു ദൃശ്യവും ക്ലാസ്മുറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടതോടെയാണു പ്രചാരണത്തിനു പിന്നിലെ ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടത്. എഡിജിപിയുടെ അടുത്ത ബന്ധു കഴിഞ്ഞ വര്‍ഷം വരെ പഠിച്ച മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ത്തി അന്വേഷണച്ചുമതലയില്‍നിന്നു മാറ്റി നിര്‍ത്തുകയായിരുന്നു പ്രചാരണത്തിന്റെ ലക്ഷ്യമെന്നാണ് ഇന്റലിജന്‍സിനു ലഭിച്ച സൂചന. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫൊറന്‍സിക് വിദഗ്ധരുടെ സംഘടനയായ കേരള മെഡികോ ലീഗല്‍ സൊസൈറ്റി ഡിജിപിക്കു പരാതി നല്‍കിയിരുന്നു. സര്‍വീസില്‍നിന്നു വിരമിച്ച ഉന്നത പൊലീസുദ്യോഗസ്ഥനും ഫൊറന്‍സിക് വിദഗ്ധനുമാണു തെറ്റായ പ്രചാരണത്തിനു ചരടുവലിച്ചതെന്നു പരാമര്‍ശിക്കുന്ന രഹസ്യ റിപ്പോര്‍ട്ട് ഡിജിപിക്കു ലഭിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha