ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു കണ്ടെത്തി
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തി. 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ചു ഇന്നു റിപ്പോര്‍ട്ട് നല്‍കും. ഇതിലും പഴയ രേഖകള്‍ ഇപ്പോള്‍ ലഭ്യമല്ല. സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കില്‍ അവരുടെ കയ്യിലുള്ള രേഖകള്‍ ഹാജരാക്കിയാല്‍ വീണ്ടും സര്‍വേ നടത്തേണ്ടിവരും. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക് ഇല്ലെന്നു സ്ഥിരീകരിച്ചു. കൂടുതല്‍ കൃത്യതയ്ക്കുവേണ്ടി ഇത്തവണ യന്ത്രമുപയോഗിച്ചാണ് അളന്നത്.
വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ മൂന്നു വര്‍ഷം മുന്‍പു ഭൂമി അളന്നതിനെകുറിച്ച് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അന്നത്തെ കലക്ടര്‍ എം.എസ്. ജയ സര്‍വേ വിഭാഗത്തെ വീണ്ടും അളവെടുപ്പിനു നിയോഗിച്ചു. 30 വര്‍ഷത്തെ രേഖകളാണ് അന്നും പരിശോധിച്ചത്. ഇതിനു മുന്‍പുള്ള രേഖകള്‍ പ്രകാരം ഭൂമി രാജകുടുംബം അഗ്രശാല നിര്‍മിക്കാന്‍ നല്‍കിയതാണെന്നാണ് പരാതിക്കാര്‍ പറഞ്ഞിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തിലുള്ള രേഖകളൊന്നും അന്നു ഹാജരാക്കാന്‍ സാധിച്ചില്ല. ഇത്തവണയും അത്തരം രേഖകളൊന്നും കണ്ടെത്താനായിട്ടില്ല. പല തവണ റജിസ്‌ട്രേഷന്‍ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha