ഡബിള്‍ ബോഡി കേസ്; ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. താരങ്ങളുടെ അപേക്ഷയില്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
ചിത്രീകരണത്തിനിടെ ജീന്‍പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്തി എന്നുമാണ് നടിയുടെ പരാതി. ജീന്‍ പോളിനും ശ്രീനാഥ് ഭാസിക്കും പുറമെ അസി. ഡയറക്ടര്‍ അനിരുദ്ധ്, അണിയറ പ്രവര്‍ത്തകന്‍ അനൂപ് എന്നിവര്‍ക്കെതിരെ പനങ്ങാട് പൊലീസ് ഒരാഴ്ച മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പൊലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി.
ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും സെറ്റിലുണ്ടായിരുന്ന മറ്റു ചിലരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. സെറ്റില്‍ പ്രശ്‌നങ്ങളുണ്ടായെന്നും നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കിയതായാണ് സൂചന.
https://www.facebook.com/Malayalivartha