പ്രത്യക്ഷത്തില്‍ കേസുമായി വളരെയധികം ബന്ധമുള്ള അപ്പുണ്ണിയെ പോലീസ് വിട്ടയച്ചതില്‍ ദുരൂഹതയേറുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായ ദിലീപിന്റെ മാനേജര്‍ സുനില്‍രാജ് എന്ന അപ്പുണ്ണിയെ വിട്ടയച്ചതില്‍ ദുരൂഹത തുടരുന്നു. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഒളിവില്‍ പോയതെന്തിനെന്ന് കോടതി പോലും ചോദിച്ച അപ്പുണ്ണിയെ വിട്ടയച്ചത് അന്വേഷണ സംഘത്തിന് വലിയ ആക്ഷേപം വരുത്തിവെച്ചിട്ടുണ്ട്.
ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി അന്വേഷണസംഘത്തിനു മുന്നില്‍ കഴിഞ്ഞദിവസം ഹാജരായത് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു. കേസില്‍ നിര്‍ണായക പങ്കു വഹിക്കുന്ന അപ്പുണ്ണിയെ ആറുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചതെന്തിനെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല.
അപ്പുണ്ണിയടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യപ്രതിയായ പള്‍സര്‍ സുനി കുറ്റകൃത്യത്തിനു മുന്‍പു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപിനെതിരായ പ്രധാന തെളിവുകളിലൊന്നായി പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാണിക്കുന്നതും ഇതാണ്. റിമാന്‍ഡില്‍ കഴിയുന്ന സുനില്‍ വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്.
ദിലീപിനു കൈമാറാന്‍ ജയിലിനുള്ളില്‍ സുനില്‍ ഏല്‍പിച്ച കത്തിന്റെ ഫോട്ടോ സഹതടവുകാരന്‍ വിഷ്ണു അയച്ചതും ഇയാള്‍ക്കാണ്. ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനാല്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന മറച്ചുവച്ചെന്ന കുറ്റത്തിന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മാപ്പുസാക്ഷിയാകാനുള്ള സാധ്യത മങ്ങിയതോടെ ഈയാഴ്ച തന്നെ അറസ്റ്റുണ്ടാവുമെന്നാണു സൂചന. അപ്പുണ്ണിയുടെയും കാവ്യയുടെയും മറ്റും മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നു പള്‍സര്‍ സുനിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. അപ്പുണ്ണിയുമായി തനിക്കുള്ള ബന്ധം പള്‍സര്‍ സുനി ആവര്‍ത്തിച്ചാല്‍ അപ്പുണ്ണിയുടെ അറസ്റ്റ് വൈകില്ല.
പള്‍സര്‍ സുനിയുമായി അപ്പുണ്ണി സംസാരിച്ചതിനും കൂടിക്കാഴ്ച നടത്തിയതിനും തെളിവുണ്ട്. കേസില്‍ അപ്പുണ്ണിക്കു വ്യക്തമായ പങ്കുണ്ടെന്നാണു പോലീസ് പറയുന്നത്. ഗൂഢാലോചനയെക്കുറിച്ച് അപ്പുണ്ണിക്ക് അറിയാമായിരുന്നുവെന്നു വ്യക്തമാക്കുന്ന രണ്ടു തെളിവുകള്‍ പോലീസിനു നേരത്തെ ലഭിച്ചിരുന്നു. ജയിലില്‍നിന്നു സഹതടവുകാരനായ വിഷ്ണുവിന്റെ കൈയില്‍ കൊടുത്തുവിട്ട കത്ത് ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍വച്ചു അപ്പുണ്ണി കൈപ്പറ്റിയെന്ന പള്‍സര്‍ സുനിലിന്റെ മൊഴിയും ജയിലില്‍നിന്നു പള്‍സര്‍ സുനി ഫോണില്‍ വിളിച്ചപ്പോള്‍ ദിലീപ് ഒപ്പുമുണ്ടായിരുന്നുവെന്ന അപ്പുണ്ണിയുടെ മൊഴിയും.
എന്നാല്‍ കാവ്യാ മാധവനെതിരേ ഗുഢാലോചനാക്കുറ്റം ചുമത്താന്‍ വേണ്ടത്ര തെളിവുകള്‍ അന്വേഷണസംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. അപ്പുണ്ണിയുടെ നാല് കാറ്ററിങ് വാനുകളുടെ െ്രെഡവര്‍മാരില്‍ ഒരാളായിരുന്ന പള്‍സര്‍ സുനി. പ്രത്യക്ഷത്തില്‍ തന്നെ കേസുമായി ഇത്രയധികം ബന്ധപ്പെട്ട ഒരാളെ ചോദ്യം ചെയ്ത് വിട്ടയച്ചതെന്തുകൊണ്ടാണെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നില്ല. അതേമയം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയാമെന്ന് അപ്പുണ്ണി മൊഴി നല്‍കി.
പള്‍സര്‍ സുനിയുമായി മുന്‍പരിചയമുണ്ടായിരുന്നു. നടനും എംഎല്‍എയുമായ മുകേഷിന്റെ െ്രെഡവറായിരുന്ന കാലം മുതല്‍ സുനിയുമായി പരിചയമുണ്ട്. ദിലീപും സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞതായി പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha