നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ ബന്ധുക്കളെയും മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യരുടെയും മൊഴി എടുക്കുന്നു
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ, ദിലീപ് എന്നിവരുടെ ബന്ധുക്കളിലേയ്ക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി മഞ്ജുവിന്‍റെ സഹോദരനും നടനുമായ മധു വാര്യരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിച്ചുവരുത്തി. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. രാവിലെ കാവ്യാമാധവന്‍റെ സഹോദരനെയും ദിലീപിന്‍റെ സഹോദരീ ഭർത്താവിനെയും അന്വേഷണ സംഘം പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയെടുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.
ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘം ബന്ധുക്കളിലേയ്ക്ക് തിരിഞ്ഞത് എന്നതാണ് ശ്രദ്ധേയം. അപ്പുണ്ണി നിർണായക വിവരങ്ങൾ പോലീസിന് നൽകിയെന്നാണ് സൂചന. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രധാന പ്രതിയായ പൾസർ സുനിയെ ചൊവ്വാഴ്ച കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കോടതിയുടെ അനുമതി നേടിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ.
കേസിൽ കൂടുതൽ പ്രതികൾ കുടുങ്ങാനുണ്ടെന്ന് പൾസർ സുനി കഴിഞ്ഞ ദിവസവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ എത്തിച്ചുവെന്നും സുനി നേരത്തെ മൊഴി നൽകിയിട്ടുണ്ട്. ദിലീപിന്‍റെ ബന്ധുവിനാണ് മെമ്മറി കാർഡ് കൈമാറിയതെന്നാണ് സുനി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് ബന്ധുക്കളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha