നടിയെ ആക്രമിക്കുന്ന ദൃശ്യം ചിത്രീകരിച്ച മൊബൈൽ ഫോൺ കൈക്കലാക്കാൻ അപ്പുണ്ണിക്ക് വല വിരിച്ച് അന്വേഷണ സംഘം
നടിയെ ആക്രമിക്കുന്ന ദൃശ്യം ചിത്രീകരിച്ച മൊബൈൽ ഫോൺ അപ്പുണ്ണിയിൽ നിന്നും കരസ്ഥമാക്കാൻ അന്വേഷണ സംഘം വലവിരിച്ചു. ചോദ്യം ചെയ്ത ശേഷം വിട്ടയച്ച അപ്പുണ്ണി പൂർണമായും പോലീസിന്റെ നിരീക്ഷണത്തിലാണ്. അപ്പുണ്ണിയുടെ ഫോൺ സംഭാഷണങ്ങൾ വരെ പോലീസ് പിന്തുടരൂന്നുണ്ട്. അപ്പുണ്ണി പറഞ്ഞ കാര്യങ്ങളൊന്നും പോലീസ് മുഖവിലക്കെടുത്തിട്ടില്ല. തനിക്ക് ഇപ്പോൾ ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന വാദവും പോലീസ് വിശ്വസിച്ചിട്ടില്ല. കാരണം ദിലീപിന്റെ സഹോദരനുമായി അപ്പുണ്ണി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
അപ്പുണ്ണി മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കുകയാണോ എന്ന സംശയവും പോലീസിനുണ്ട്. പ്രത്യക്ഷത്തിൽ ദിലീപുമായി താൻ യാതൊരു ബന്ധവും പുലർത്തുന്നില്ല എന്നു കാണിച്ച ശേഷം ദിലീപിന്റെ വിശ്വസ്തനായി നിൽക്കാനാണ് അപ്പുണ്ണിയുടെ തീരുമാനമെന്ന് പോലീസ് സംശയിക്കുന്നു. ഇപ്പോഴുള്ള കേസുകൾ തേഞ്ഞ് മാഞ്ഞ് പോകുമെന്നും ദിലീപ് അതിശക്തനായി തിരിച്ചെത്തുമെന്നും അപ്പുണ്ണി വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ അപ്പുണ്ണിയുടെ തനിനിറം പുറത്തു കൊണ്ടുവരാനാണ് പോലീസ് ശ്രമിക്കുന്നത്.
അതേ സമയം അറസ്റ്റിനെയും പോലീസിനെയും അപ്പുണ്ണിക്ക് പേടിയാണ്. ഇത് മുതലെടുക്കാനാണ് പോലീസിന്റെ ശ്രമം. നന്നായൊന്ന് വിരട്ടിയാൽ അപ്പുണ്ണി സത്യം പറയും. അപ്പുണ്ണിയുടെ ദൗർബല്യം മുതലെടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം മൊബൈൽ ഫോണിനെ കുറിച്ച് അപ്പുണ്ണിയോട് ചോദിച്ചു എന്നാണ് വിവരം. തനിക്കൊന്നും അറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ ഇക്കാര്യം പോലീസ് വിശ്വസിച്ചിട്ടില്ല. മൊബൈൽ എവിടെയാണെന്നു പറഞ്ഞില്ലെങ്കിൽ കേസിൽ കളി കാര്യമാകുമെന്ന് പോലീസ് പറഞ്ഞു.
ദിലീപിന്റെ വിശ്വസ്തനായ അപ്പുണ്ണി അറിയാതെ ദിലീപിന് ഫോണും മെമ്മറി കാർഡും സൂക്ഷിക്കാൻ കഴിയില്ല. ദിലീപിനെ എല്ലായ്പ്പോഴും അപ്പുണ്ണി അനുഗമിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അപ്പുണ്ണി അറിയാതെ ദിലീപിന് എന്തെങ്കിലും ചെയ്യാൻ പ്രയാസമാണ്. അപ്പുണ്ണി കള്ളം പറയുന്നത് തുടരുകയാണെങ്കിൽ കസ്റ്റഡിയിലെടുക്കും. അതോടെ സത്യം പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha