ഇനി ഞാന്‍ ആര്‍ക്കുവേണ്ടി ജീവിക്കണം; മകളുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് അമ്മ
എന്റെ പ്രാണനാണ് പോയത്. ഇനി ഞാന്‍ എന്തിന് ജീവിക്കണം. ചങ്കുപൊട്ടുന്ന വേദനയോടെ ആ അമ്മ അലമുറയിട്ടപ്പോള്‍ ആശ്വസിക്കാന്‍ കണ്ടുനിന്നവര്‍ക്കായില്ല. തന്റെ മുഴുവന്‍ പ്രതീക്ഷകളുമായ മകളുടെ മരണത്തില്‍ തകര്‍ന്ന മനസ്സുമായി ഇനിയുള്ള കാലം വീട്ടില്‍ ഏകയായി കഴിയാനാണ് അമ്മ ഭാനുകുമാരിയുടെ വിധി. മലപ്പുറം ബേഡകം പഞ്ചായത്തിലെ ചുള്ളിയിലെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ കഴിഞ്ഞ ദിവസം രാത്രി അബദ്ധത്തില്‍ വീഴുകയായിരുന്നു മകള്‍ കെ.വി.കൃഷ്‌ണേന്ദു. കൊട്ടോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. രാത്രി ഒന്നിച്ച് അത്താഴം കഴി!ച്ചപ്പോള്‍ മകളുമൊത്തുള്ള അവസാനത്തെ അത്താഴമായിരിക്കുമെന്ന് അമ്മയും വിചാരിച്ചില്ല.
പത്തുമണിയോടെയാണ് വയറു വേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞ് കൃഷ്‌ണേന്ദു കിടക്കയില്‍ നിന്ന് എഴുന്നേറ്റത്. ഇതിനിടയില്‍ ഉറങ്ങിപ്പോയ അമ്മ രണ്ടുമണിയോടെ ഉണര്‍ന്നപ്പോള്‍ മകളെ കാണാത്തതിനാല്‍ കരഞ്ഞുകൊണ്ട് പരിസരവാസികളെ അറിയിക്കുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണര്‍ വക്കില്‍ കാല്‍തെറ്റി വീണതിന്റെ പാടുകള്‍ കണ്ടത്.
കുറ്റിക്കോലില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി കൃഷ്‌ണേന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എട്ടു വര്‍ഷം മുന്‍പ് തൊഴിലുറപ്പ് പണിക്കിടെ ഹൃദയസ്തംഭനം വന്ന് മരിച്ചതാണ് കൃഷ്‌ണേന്ദുവിന്റെ അച്ഛന്‍ വളപ്പില്‍ കൃഷ്ണന്‍. പിന്നീട് കൂലിപ്പണിയെടുത്താണ് തന്റെ രണ്ടു പെണ്‍മക്കളെ വളര്‍ത്തിയത്. സാമ്പത്തികമായി ഒന്നുമില്ലാത്ത കുടുംബത്തില്‍ അമ്മയുടെ ഏക പ്രതീക്ഷ മക്കളിലായിരുന്നു. മൂത്ത മകള്‍ കൃഷ്ണപ്രിയ വിവാഹം കഴിഞ്ഞു പോയതോടെ വീട്ടില്‍ അമ്മ ഭാനുകുമാരിയും മകള്‍ കൃഷ്‌ണേന്ദുവും മാത്രമായി. മുന്നാട് ജയപുരം അങ്കണവാടിയില്‍ ഹെല്‍പ്പറാണ് ഇപ്പോള്‍ ഭാനുകുമാരി.
പഠനത്തില്‍ മിടുക്കിയായ മകളെ പഠിപ്പിച്ച് ഉന്നത നിലയിലെത്തിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ആഗ്രഹം സാധിച്ചുകൊടുക്കാനായിരുന്നു മകളുടെ ശ്രമവും. പക്ഷേ, ആഗ്രഹത്തെ തകിടം മറിച്ച് വിധി മകളുടെ ജീവനെടുത്തത് അമ്മയ്ക്ക് താങ്ങാവുന്നതിലപ്പുറമായി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒന്നാമതായിരുന്നു കൃഷ്‌ണേന്ദുവെന്ന് അധ്യാപകര്‍ പറയുന്നു.
https://www.facebook.com/Malayalivartha