ഇവിടെ കയറ്റില്ല എന്നാല്‍ അങ്ങോട്ടാകാം: ക്ഷണിച്ചാല്‍ ബിഡിജെഎസ് യുഡിഎഫിലെത്തും
ബി.ജെ.പി. കേന്ദ്ര നേതൃത്വം വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയാറാകാതെ വന്നതോടെ ബി.ഡി.ജെ.എസ്. മുന്നണി ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ബി.ജെ.പി. സ്വീകരിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണു ബി.ഡി.ജെ.എസ്. മറ്റു വഴികള്‍ തേടുന്നത്. യു.ഡി.എഫ്. ക്ഷണിച്ചാല്‍ മുന്നണി ബന്ധം ചര്‍ച്ച ചെയ്യാമെന്ന സമീപനമാണു ബി.ഡി.ജെ.എസിലെ പ്രമുഖ നേതാക്കള്‍ക്കുള്ളത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസിലെ ചില ഉന്നത നേതാക്കളും ബി.ഡി.ജെ.എസ്. നേതാക്കളും തമ്മില്‍ ഒരു തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. കുറച്ചു നാളുകളായി മുന്നണി പരിപാടികളില്‍ സഹകരിക്കേണ്ടെന്ന തിരുമാനത്തിലാണ് ബി.ഡി.ജെ.എസ് നേതൃത്വം. കേന്ദ്ര ഭരണം അവസാനിക്കാന്‍ രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയാറായില്ലെന്നും അവഗണ തുടരുകയാണെന്നുമാണു ബി.ഡി.ജെ.എസിന്റെ പരാതി.
ഈ സാഹചര്യത്തില്‍ ബി.ജെ.പിയുമായുള്ള സഹകരണം അവസാനിപ്പിച്ച് മറ്റ് മുന്നണി ബന്ധങ്ങള്‍ തേടാനുള്ള ശ്രമങ്ങള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.വെള്ളാപ്പള്ളി നടേശന്‍ മുന്‍കൈയെടുത്ത് പുത്രന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അധ്യക്ഷനാക്കിയാണ് ബി.ഡി.ജെ.എസ്. (ഭാരത ധര്‍മ ജന സേന) രൂപീകരിച്ചത്. പാര്‍ട്ടി രൂപീകരണത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി പദവിയും വരെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പുറമേ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റബര്‍, കയര്‍ ബോര്‍ഡുകളില്‍ ഉള്‍പ്പടെ സ്ഥാനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി കൈകോര്‍ത്ത് ബി.ഡി.ജെ.എസ് മത്സരിച്ചു. പിന്നീട് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ ഭാഗമായി മത്സരിച്ചു.
ബി.ജെ.പിയുടെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാന്‍ ബി.ഡി.ജെ.എസിന്റെ കൂട്ടുകെട്ട് സഹായിക്കുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം നടന്‍ സുരേഷ് ഗോപിയെ എം.പിയായി കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ് ചെയ്‌തെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിയെയും ബി.ഡി.ജെ.എസിനെയും തഴഞ്ഞു. വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെ എന്‍.ഡി.എയുടെ കണ്‍വീനറായി തുഷാറിനെ നിയമിച്ചതല്ലാതെ മറ്റു പരിഗണകളൊന്നും ലഭിച്ചില്ല. ഇതോടെയാണ് ബി.ജെ.പി. മുന്നണിയില്‍നിന്നും അകലാന്‍ ബി.ഡി.ജെ.എസ്. നീക്കം തുടങ്ങിയത്.
https://www.facebook.com/Malayalivartha