നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. തെളിവ് നശിപ്പിച്ച സംഭവത്തിലാണ് നാദിര്‍ഷയെ ചോദ്യം ചെയ്യുക. നേരത്തെ, നടന്‍ ദിലീപിനൊപ്പം നാദിര്‍ഷയെ 13 മണിക്കൂര്‍ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിന് നാദിര്‍ഷ കൂട്ടുനിന്നു എന്നാണ് പൊലീസിന്റെ നിഗമനം. നാദിര്‍ഷയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതതയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെ അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം വൈകിട്ട് നാല് മണിയോടെ ആലുവ പൊലീസ് ക്ലബിലെത്തിയ ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആലുവ പൊലീസ് ക്ലബിലേക്ക് മറ്റൊരു അഭിഭാഷകനൊപ്പം സ്വന്തം കാറിലാണ് രാജു ജോസഫ് എത്തിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കാന്‍ കൊണ്ടു പോയത് ഈ കാറിലാണെന്നാണ് പൊലീസിന്റെ സംശയിക്കുന്നത്. പള്‍സര്‍ സുനി നല്‍കിയ മെമ്മറി കാര്‍ഡും ഫോണും തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പിച്ചെന്നും ഇയാള്‍ ഇത് നശിപ്പിക്കുകയായിരുന്നു എന്നും പ്രതീഷ് ചാക്കോ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു.
പ്രതീഷ് ചാക്കോ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ആദ്യം ഒരു തവണ രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അന്ന് ഒളിവില്‍ പോയ പ്രതീഷ് ചാക്കോ പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരായി. ചോദ്യം ചെയ്യല്ലില്‍ ഇയാള്‍ നല്‍കിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് രാജു ജോസഫിനെ പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. പ്രതീഷ് ചാക്കോ നല്‍കിയ ഫോണ്‍ കത്തിച്ചുകളഞ്ഞുവെന്നാണ് രാജു ജോസഫ് മൊഴി നല്‍കിയിട്ടുള്ളത്.
ഇതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അടുത്ത് സൗഹൃദം പുലര്‍ത്തിയിരുന്നവരെയും സിനിമാ രംഗത്തെ സുഹൃത്തുക്കളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. ഇന്നും നാളെയുമായി ഇവരില്‍ നിന്നെല്ലാം മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. അതേസമയം, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യ്‌തേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഇയാള്‍ നല്‍കിയ മൊഴി പൊലീസ് വിശദമായി പരിശോധിച്ചു വരുകയാണ്.
ഇതിന് ശേഷമായിരിക്കും അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്. അപ്പുണ്ണിയെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അപ്പുണ്ണിയില്‍ നിന്ന് നിര്‍ണ്ണായക മൊഴി ലഭിച്ചതോടെ കേസന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ദിലീപിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളേയും അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. മഞ്ജു വാര്യരുടെ സഹോദരന്‍ മധുവാര്യര്‍, നടി ശ്രിത ശിവദാസ് എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha