സ്കോട്ട്ലന്‍ഡില്‍ മരിച്ച മലയാളി വൈദികന് ഫാ. മാര്ട്ടിന് വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു
സ്കോട്ട്ലന്‍ഡില്‍ മരിച്ച മലയാളി വൈദികന് ഫാ. മാര്ട്ടിന് വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ 9.10ന് എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സിഎംഐ സഭയിലെ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.ഡോ.സെബാസ്റ്റ്യന്‍ ചാമത്തറയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പത്തോടെ ഭൗതികശരീരം വിലാപയാത്രയായി സ്വദേശമായ പുളിങ്കുന്നിലേക്കു കൊണ്ടുപോയി. ഫാ. വാഴച്ചിറയുടെ സഹോദരന് തങ്കച്ചന് വര്‍ഗീസ്, സിഎംഐ വൈദികനായ ഫാ. ടിബിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ സ്കോട്ട്ലന്‍ഡില്‍ നിന്നു മൃതദേഹത്തെ അനുഗമിച്ചിരുന്നു.
12.30 ഓടെ പുളിങ്കുന്ന് കണ്ണാടിയിലെ വാഴച്ചിറ വീട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്ത്യോപചാരമര്‍പ്പിക്കാനായി പൊതുദര്‍ശനത്തിനുവയ്ക്കും. ഉച്ചകഴിഞ്ഞു പുളിങ്കുന്നിലെ വീട്ടില്‍നിന്നു ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ആശ്രമദേവാലയത്തിലേക്കു കൊണ്ടുപോകും. ഈ ഇടവകയിലാണു രണ്ടു വര്‍ഷം ഫാ.മാര്ട്ടിന് സഹവികാരിയായി ശുശ്രൂഷ ചെയ്തത്.
വൈകുന്നേരം അഞ്ചിന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ എത്തിക്കുന്ന മൃതദേഹം രാത്രി ഒന്പതുവരെ അവിടെ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കുന്പസാര കപ്പേളയില്‍ എത്തിച്ചു പ്രാര്‍ഥന നടത്തും. വെള്ളിയാഴ്ച രാവിലെ എട്ടിനു മൃതദേഹം വീണ്ടും പള്ളിയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. 8.30ന് ആശ്രമം പ്രിയോര്‍ ഫാ.സെബാസ്റ്റ്യന്‍ അട്ടിച്ചിറയുടെ കാര്‍മികത്വത്തില്‍ പ്രാര്‍ഥനാശുശ്രൂഷ നടത്തും.
പതിനൊന്നിന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.
https://www.facebook.com/Malayalivartha