മഅദനിയുടെ കേരളയാത്ര; കര്‍ണാടക സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി
കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ കേരള യാത്ര സംബന്ധിച്ച് കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ടി.എയും ഡി.എയും നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ ശമ്പളമുള്ളപ്പോള്‍ അധിക തുക എന്തിനെന്നും കോടതി ചോദിച്ചു.
വിധി അട്ടിമറിക്കാനുള്ള ശ്രമമാണോ കര്‍ണാടക സര്‍ക്കാരിന്റേതെന്നും കോടതി ആരാഞ്ഞു. മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
വിചാരണ തടവുകാരന് സുരക്ഷ ഒരുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്. ഉദ്യോഗസ്ഥര്‍ക്ക് ടി.എയും ഡി.എയും മാത്രമെ നല്‍കാനാവൂ. സുരക്ഷയുടെ പേരില്‍ മഅ്ദനിയുടെ കൈയ്യില്‍ നിന്നും പണം ഈടാക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കേരള യാത്രയുടെ അലവന്‍സ് എത്രയാണെന്ന് നാളെ തന്നെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
സുരക്ഷയുടെ പേരില്‍ ഭീമമായ തുക ഈടാക്കാനുള്ള പോലീസ് നീക്കം അംഗീകരിക്കില്ലെന്നാണ് മഅദനിയുടെ നിലപാട്. അതേസമയം കഴിഞ്ഞ ദിവസം മഅ്ദനിയുടെ കേരളത്തിലെ സുരക്ഷാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. സുരക്ഷാ ചെലവ് മഅ്ദനിയുടെ കുടുംബത്തിന് താങ്ങാനാകില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നത്.
മഅ്ദനിയുടെ സുരക്ഷ വീഴ്ചകൂടാതെ ഒരുക്കുമെന്നും ചെലവുകള്‍ കേരള സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്. സുരക്ഷാ ചെലവുകളുടെ കാര്യത്തില്‍ കര്‍ണാട സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കേരളം നിലപാട് കൈക്കൊണ്ടിരിക്കുന്നത്.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാവിനെ കാണാനും സുപ്രീംകോടതി നല്‍കിയ അനുമതി അട്ടിമറിക്കാന്‍ പൊലീസ് ചെലവിനായി ഭീമമായ ബില്‍ നല്‍കിയ കര്‍ണാടക പൊലീസിന്റെ നടപടി ചോദ്യംചെയ്താണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. ഏറ്റവും ചുരുങ്ങിയ ചെലവ് മാത്രമേ മഅ്ദനിയില്‍ നിന്ന് ഈടാക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കുകയാണ് കര്‍ണാടക ചെയ്തിരിക്കുന്നതെന്നും ആരോപിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബംഗളൂരു പൊലീസ് കമീഷണര്‍ക്കുവേണ്ടി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ബംഗളൂരുവിലെ മഅ്ദനിയുടെ അഭിഭാഷകന്‍ ഉസ്മാന് കൈമാറിയ കത്തും 14, 79,876 രൂപയുടെ ചെലവ് ബില്ലും ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മഅ്ദനി സമര്‍പ്പിച്ചിരുന്നു.
മകളുടെ വിവാഹത്തിനായി മഅ്ദനി വന്നപ്പോള്‍ കെട്ടിവെച്ച തുക തുച്ഛമായിരുന്നെന്നും ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനും മൂത്തമകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മഅ്ദനി കേരളത്തില്‍ പോകാതിരിക്കുക എന്നതാണ് കര്‍ണാടക പൊലീസ് ഭീമമായ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു.
പോലീസുകാരുടെ യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകള്‍ ഇതിനുപുറമെയാണ് ഈ തുകയെന്നും കോടതിയെ ബോധിപ്പിച്ചു. മഅ്ദനിക്ക് തിങ്കളാഴ്ചയാണ് സുപ്രീംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. എന്നാല്‍, കേരളം സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്ന കര്‍ണാടക പൊലീസിന്റെ ചെലവ് മഅ്ദനി വഹിക്കണമെന്ന വിചാരണ കോടതി ഉത്തരവ് ന്യായമായ ഏറ്റവും ചുരുങ്ങിയ തുക മാത്രമേ ഈടാക്കാവൂ എന്ന ഉപാധിയോടെയാണ് സുപ്രീംകോടതി അംഗീകരിച്ചത്.
ഇത് അട്ടിമറിച്ചാണ് സുരക്ഷ ഉറപ്പാക്കുന്ന ഒരു എ.സി.പിക്ക് മാത്രം എട്ട് മണിക്കൂറിന് 2824 രൂപ എന്ന തോതില്‍ 13 ദിവസത്തേക്ക് രണ്ട് എ.സി.പി മാര്‍ക്ക് 2,20,272 രൂപ നല്‍കണമെന്നും ഈ സേവനത്തിന് 18 ശതമാനം ചരക്കുസേവനനികുതിയായി 39,648.96 രൂപ നല്‍കണമെന്നും കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 19 പൊലീസുകാര്‍ക്കും കൂടി 12,24,132 രൂപ ചെലവായി കണക്കാക്കിയശേഷം അതിന്മേല്‍ 18 ശതമാനം ചരക്കുസേവനനികുതി 2,20,342.76 രൂപ കൂടി മൊത്തം തുക 14,44,475 രൂപ നല്‍കണമെന്നാണ് ബില്ലിലുള്ളത്.
https://www.facebook.com/Malayalivartha