പ്രചരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതം:അബി
നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച് തന്നെ കുറിച്ച് പ്രചരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബി. ദിലീപിന്റെ ആദ്യ വിവാഹത്തില്‍ താന്‍ സാക്ഷിയായിരുന്നില്ലെന്നും ഇതുസംബന്ധിച്ച് പോലീസ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അബി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.
എന്നെ പോലീസ് ചോദ്യം ചെയ്തു എന്നു പറയുന്നത് കല്ലുവെച്ച നുണയാണ്. പോലീസിന് ചോദ്യം ചെയ്യണമെങ്കില്‍ അത് എപ്പോഴേ ആകാമായിരുന്നു. എന്നെ ഫോണില്‍ പോലും ആരും വിളിച്ചിട്ടില്ല-അബി വ്യക്തമാക്കി.
ദിലീപും നാദിര്‍ഷയുമായി മിമിക്രി കാലത്തുണ്ടായിരുന്ന ബന്ധം വെച്ചാണ് ഇപ്പോള്‍ എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. അവര്‍ എന്റെ ട്രൂപ്പില്‍ കളിച്ചിരുന്നപ്പോഴും പ്രൊഫഷണല്‍ ബന്ധം മാത്രമാണുണ്ടായിരുന്നത്. ആരുടെയും വ്യക്തി ജീവിതത്തില്‍ ഇടപെട്ടിരുന്നില്ല. എന്റെ പേഴ്‌സണല്‍ ലൈഫില്‍ ഇടപെടാന്‍ ആരെയും അനുവദിച്ചിരുന്നില്ല.
ദിലീപിന്റെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതായി കേട്ടിരുന്നെങ്കിലും അതില്‍ യാതൊരു തരത്തിലും ഞാന്‍ പങ്കാളിയായിരുന്നില്ല. രജിസ്റ്റര്‍ വിവാഹം നടന്ന ഓഫീസിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും -അബി കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ വ്യക്തി ജീവിതത്തിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നതിന്റെ ഭാഗമായി അബിയെയും ചോദ്യം ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നടി മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് അകന്ന ബന്ധുവായ യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നെന്നും പിന്നീട് വിവാഹമോചനം നേടുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha