പോലീസിനെ ഭയന്നോടിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; കൂട്ടുകാരന്റെ വേർപാടിൽ മനംനൊന്ത് സുഹൃത്ത്
‘പൊലീസ് വരുന്നതും ആരൊക്കെയോ ഓടുന്നതും കണ്ടപ്പോ അവനും പേടിച്ചു പോയി സാറേ. ഇരുട്ടിലേക്ക് അവൻ ഓടിയകലുന്നത് എന്റെയടുത്തു നിന്നാ. പിന്നെ തിരിച്ചുവന്നില്ല.’ പൊലീസിനെക്കണ്ടു ഭയന്നോടിയ വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിജിത്ത് പറയുന്നതിങ്ങനെ.
സജിനെ കാണാതായപ്പോൾ വഴിയറിയാതെ ചുറ്റിത്തിരിയുകയാണെന്നു വിചാരിച്ച അഭിജിത്തിനെ നടുക്കിക്കൊണ്ടാണു സജിന്റെ മരണവാർത്ത പുറത്തുവന്നത്. പഠനത്തിന്റെ ഇടവേളയിൽ ജോലിതേടി തൃശൂരിലേക്കു പുറപ്പെട്ടതു സജിനും രണ്ടു സുഹൃത്തുക്കളും ചേർന്നാണ്. അഭിജിത്തും ഹരികൃഷ്ണനും. മൂവരും ഒന്നിച്ചാണു തിങ്കളാഴ്ച രാത്രി ചെട്ടിയങ്ങാടിയിലേക്കു ഭക്ഷണം കഴിക്കാനിറങ്ങിയത്.
ഹരികൃഷ്ണൻ മുമ്പേ താമസസ്ഥലത്തേക്കു മടങ്ങി. പിന്നാലെ പത്തേകാലോടെ ഭക്ഷണം കഴിഞ്ഞു സജിനും അഭിജിത്തും മടങ്ങുമ്പോൾ മാരാർ റോഡിനു സമീപത്തു ഭിന്നലിംഗക്കാരായ ചിലർ ഒരുസംഘം യുവാക്കളുമായി വഴക്കടിക്കുന്നതു കണ്ടു. യുവാക്കൾ മൂന്നു ബൈക്കുകളിലായി സ്ഥലം വിട്ടയുടൻ പൊലീസ് ജീപ്പ് സ്ഥലത്തെത്തി. ഇത് കണ്ട ഭിന്നലിംഗക്കാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
ഇതുവഴി നടന്നുപോകുകയായിരുന്ന സജിനും അഭിജിത്തും ഭയന്നോടി. ഇരുളിലേക്ക് ഓടിപ്പോയ സജിൻ പിന്നീട് തിരിച്ചുവന്നില്ലെന്ന് അഭിജിത്ത് ഞെട്ടലോടെ പറയുന്നു. രാത്രി ഒരു മണി വരെ മുറിയിൽ കാത്തിരുന്നിട്ടും കാണാതായപ്പോൾ സജിൻ വഴിയറിയാതെ അലയുകയാണെന്നു കരുതി പൊലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിച്ചു. പിറ്റേന്നു രാവിലെ മുതൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണു സിസിടിവി ദൃശ്യങ്ങളിൽ അഭിജിത്ത് ഓടിയ ദിശ മനസിലാക്കുന്നത്.
കോട്ടയം ചിങ്ങവനം കാഞ്ഞിരത്തറ ലക്ഷംവീട് സജിന്‍സാബു (18)വിനെയാണ് തൃശൂര്‍ നഗരമധ്യത്തിലെ മാരാര്‍ റോഡിലെ സ്വകാര്യ കെട്ടിടത്തിനു സമീപത്തെ കിണറ്റില്‍ ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മനുഷ്യാവകാശ കമ്മിഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തു. മൂന്നാഴ്‌ചയ്‌ക്കകം തൃശൂര്‍ റേഞ്ച് ഐ.ജി. വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശിച്ചു.
തിങ്കളാഴ്‌ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം. ചൊവ്വാഴ്‌ച അഭിജിത്തും സുഹൃത്ത് ഹരികൃഷ്‌ണനും ചേര്‍ന്ന് വീണ്ടും സജിനെ അന്വേഷിച്ചിരുന്നു. ഇതിനിടെ പരിസരത്തെ സി.സി.ടിവി ക്യാമറകൾ പോലീസ് പരിശോധിച്ചപ്പോള്‍ കെട്ടിടത്തിന്റെ അരികിലൂടെ ഓടിയതായി വ്യക്‌തമായി. തുടര്‍ന്ന് ഇതിനടുത്ത കിണറ്റില്‍ വീണ് സജിന്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തി. പരിശോധനയില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തി.
മാരാര്‍ റോഡിലെ ലോഡ്‌ജിലാണ് സജിനും നാല് സഹപ്രവര്‍ത്തകരും താമസിച്ചിരുന്നത്. പേരൂര്‍ സ്വദേശി അഭിജിത്തും പളളം സ്വദേശി ഹരികൃഷ്‌ണനും സജിനും നാട്ടകം വി.എച്ച്.എസ്.ഇയില്‍ ഗ്രാഫിക് ഡിസൈനിങ് വിദ്യാര്‍ഥികളായിരുന്നു. പത്ത് ദിവസം മുമ്പാണ് ജോലി ലഭിച്ചത്. പാലക്കാട്ടും തൃശൂരിലെ മറ്റ് നഗരങ്ങളിലും പരസ്യ പ്രചാരണത്തിന് പോകാറുണ്ടായിരുന്നു. സജിന്റെ അമ്മ മറിയാമ്മ. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അച്ചു സഹോദരന്‍.
https://www.facebook.com/Malayalivartha