നടിക്കെതിരായ ആക്രമണം; കേസന്വേഷണത്തിന്റെ അവസാന മണിക്കൂറുകൾ: നാദിര്‍ഷ, അപ്പുണ്ണി, സിദ്ദിഖ്, കാവ്യാമാധവന്‍...പ്രതി പട്ടികയിലുള്‍പ്പെടുത്തി അറസ്റ്റു ചെയ്യുവാന്‍ ആലോചനയുമായി പോലീസ്
പള്‍സര്‍ സുനിയുടെ വമ്പന്‍ സ്രാവ് മൊഴിയില്‍ കുരുക്കിലായ സിദ്ദിഖിനെതിരെയുള്ള വ്യക്തമായ തെളിവ് ശേഖരണത്തിന് പോലീസ് കിണഞ്ഞു പരിശ്രമിക്കുന്നു. കേസൊതുക്കിതീര്‍ക്കാന്‍ നാദിര്‍ഷ ഇടപെട്ടതിന് വ്യക്തമായ തെളിവുകള്‍. പള്‍സര്‍ സുനിയെന്ന സുനിക്കുട്ടനുമായുള്ള കാവ്യാമാധവന്റെ ഗൂഢാലോചന കുറ്റം കണ്ണികള്‍ ചേര്‍ത്ത തെളിവുകളോടെ പോലീസ് ശേഖരിച്ചു. അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കും എന്ന പ്രതീക്ഷ നല്കി കേസില്‍ വ്യക്തത വരുത്താന്‍ പോലീസ്.
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍, അപൂര്‍വ്വമായ ഈ കേസന്വേഷണം. സാഹചര്യത്തെളിവുകള്‍ക്കുമപ്പുറം നിരവധി തെളിവുകള്‍ കോര്‍ത്തിണക്കി, കേസ് ഡയറി കുറ്റമറ്റതാക്കാന്‍ അന്വേഷണോദ്യാഗസ്ഥരുടെ ജാഗ്രത. കേസിലുള്‍പ്പെട്ട ദിലീപിന്റെ വ്യക്തി ജീവിതം കുറ്റവാളിയുടേതെന്ന് ഉറപ്പിക്കുന്ന കണ്ടെത്തലുകള്‍. പി.സി. ജോര്‍ജ്ജിനെപ്പോലുള്ള വിമര്‍ശകര്‍ക്ക് മുന്നില്‍ തന്റേടത്തോടെ കേസന്വേഷിച്ച് കോടതിയില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അന്വേഷണ സംഘം.
പിണറായി വിജയന്റെ സര്‍ക്കാര്‍ സ്ത്രീ പക്ഷത്താണെന്ന് തെളിയിക്കാനുള്ള പോലീസിന്റെ ഇച്ഛാശക്തി. കേസ് അവസാന മണിക്കൂറുകളിലേക്ക് ഇനിയുള്ള പ്രതികളെ വലയിലാക്കി, അറസ്റ്റ് രേഖപ്പെടുത്തി കേസ് ഡയറി പൂര്‍ത്തിയാക്കാന്‍ ഡി.ജി.പി.യുടെ നിര്‍ദേശം. കേസനേ്വഷണം പൂര്‍ത്തിയാകുന്നത് റെക്കോർഡ് വേഗത്തില്‍.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട സംവിധായകനും നടനുമായ നാദിർഷയും കുടുങ്ങുമെന്ന സൂചന നൽകി അന്വേഷണ സംഘം. ദിലീപിനെ രക്ഷിക്കാൻ നാദിർഷ തെളിവുകൾ നശിപ്പിച്ചുവെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. കേസിൽ നാദിർഷയും പ്രതിയാകുമെന്നാണ് ലഭിക്കുന്ന വിവരം. നാദിർഷയെ ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം സൂചന നൽകുന്നുണ്ട്. സുപ്രധാന തെളിവു കിട്ടിയില്ലെങ്കിൽ ദിലീപിന്റെ സുഹൃത്തുക്കളുടെ തലയിൽ തെളിവു നശിപ്പിച്ച കുറ്റം ചുമത്തി കേസന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കങ്ങൾ. കേസില്‍ ദിലീപിനൊപ്പം നാദിര്‍ഷായും മാനേജര്‍ അപ്പുണ്ണിയും പ്രതികളാകും. ഇരുവരേയും മാപ്പുസാക്ഷിയാക്കില്ല. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും പ്രതിയാകാനാണ് സാധ്യത.
ദിലീപിനേയും നാദിര്‍ഷായേയും അപ്പുണ്ണിയേയും കാവ്യയേയും പ്രതിയാക്കാന്‍ മതിയായ തെളിവുകളുണ്ട്. കാവ്യയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടും. സ്ത്രീയെന്ന പരിഗണന കാവ്യയ്ക്ക് നല്‍കാനാണ് സാധ്യത. എന്നാല്‍ നാദിര്‍ഷായേയും അപ്പുണ്ണിയേയും അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ തന്നെയാണ് നീക്കം. നാദിര്‍ഷയെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നു വിളിച്ചിരുന്നതായി സഹതടവുകാരന്‍ ജിന്‍സണ്‍ പറഞ്ഞിരുന്നു. സൗഹൃദത്തോടെയായിരുന്നു ഇരുവരും സംസാരിച്ചത്. കാവ്യയുടെ കടയില്‍ എന്തോ കൊടുത്തു എന്ന തരത്തിലാണു ഫോണില്‍ പറഞ്ഞതെന്നാണു ജിന്‍സണ്‍ പൊലീസിനോടു വെളിപ്പെടുത്തിയത്. നടി കാവ്യാ മാധവന്റെ കടയെപ്പറ്റിയും പണമിടപാടിനെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നെന്നും ജിന്‍സണ്‍ വെളിപ്പെടുത്തിയിരുന്നു.
ഒരു ദിവസത്തിന് ലക്ഷങ്ങൾ വിലയിട്ട അഡ്വ. രാം കുമാർ ദിലീപ് കേസ് ഒഴിഞ്ഞു. കേസിൽ ദിലീപ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നു ബോധ്യമായതോടെയാണ് രാം കുമാർ കേസിൽ നിന്നും ഒഴിയാൻ സന്നദ്ധത അറിയിച്ചതെന്നാണ് സൂചന. ഇതും അന്വേഷണ സംഘത്തിന് കൂടുതൽ ആത്മധൈര്യം നൽകുന്നതാണ്. കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷന് പിന്നില്‍ സ്ത്രീ ഇല്ല എന്ന കാര്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപും നാദിര്‍ഷയും പറഞ്ഞതെങ്കിലും പത്തിലധികം ചിത്രങ്ങളില്‍ സുനി ദിലീപിനൊപ്പം ഉണ്ടായിരുന്നതായി പൊലീസിന് തെളിവ് കിട്ടിയിട്ടുണ്ട്. സുനിയെ ദീര്‍ഘനാളായി പരിചയമുണ്ടെന്നും മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ അറിയാമെന്നുമാണ് അപ്പുണ്ണി നല്‍കിയിട്ടുള്ള മൊഴി. ഇതും നിര്‍ണ്ണായകമാണ്. സുനി ജയിലില്‍ നിന്നും ഫോണ്‍ വിളിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നെന്നും ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അറിയില്ലെന്ന് പറഞ്ഞതെന്നും അപ്പുണ്ണി പൊലീസിനോട് പറഞ്ഞിരുന്നു.
അപ്പുണ്ണിയെ ചോദ്യം ചെയ്തപ്പോഴും പള്‍സറും നാദിര്‍ഷയും തമ്മില്‍ പരിചയമുണ്ടെന്നു സൂചിപ്പിച്ചിരുന്നു. ഇക്കാര്യവും അന്വേഷണസംഘം ആരായും. നടിയെ ആക്രമിച്ചതു പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ മെമ്മറി കാര്‍ഡ് സംബന്ധിച്ച വിവരങ്ങളും നാദിര്‍ഷയില്‍ നിന്ന് തേടും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ദിലീപിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെയാണ് ചോദ്യംചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് തെളിവുകളുടെ ശേഖരണമാണ് ഇതിലൂടെ പൊലീസ് നടത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സംഭവത്തില്‍ പ്രമുഖ നടന്‍ സിദ്ദിഖിനുള്ള റോള്‍ വിശദമാക്കി പൊലീസില്‍ മൊഴി നല്‍കിയെന്നു സൂചനയുണ്ട്.
ഗൂഢാലോചനയില്‍ സിദ്ദിഖ് നേരിട്ടു പങ്കെടുത്തതായും സംഭവം സംബന്ധിച്ച് കാവ്യക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാവ്യയില്‍ നിന്നും സിദ്ദിഖില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. ദിലീപിനെ ചോദ്യം ചെയ്യാന്‍ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചപ്പോള്‍ പാതിരാത്രിക്ക് അവിടെ എത്തിയ ഏക താരം സിദ്ദിഖായിരുന്നു. സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് താന്‍ ദിലീപിനെ കാണാന്‍ എത്തിയതെന്നായിരുന്നു അന്ന് സിദ്ദിഖ് പ്രതികരിച്ചത്. എന്നാൽ സിദ്ദിഖിനെതിരായുള്ള പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്നത്തെ സിദ്ദിഖിന്റെ പൊലീസ് ക്ലബ്ബിലേക്കുള്ള വരവ് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നെന്നും ദിലീപിനെക്കണ്ട് വിവരങ്ങള്‍ അറിയുന്നതിനുള്ള തിടുക്കമായിരുന്നു സിദ്ദിഖിനെ ഇവിടെ എത്തിച്ചതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഇതിന് ശേഷം നടന്ന അമ്മ യോഗത്തിലും ദിലീപിന്റെ പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചവരില്‍ ഒരാളാണ് സിദ്ദിഖ്. എന്നാല്‍ പള്‍സര്‍ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ സിദ്ദിഖിനെ പ്രതിയാക്കാനാകില്ല. ദിലീപില്‍ നിന്നുള്ള കുറ്റ സമ്മത മൊഴിയില്‍ സിദ്ദിഖിന്റെ പേര് കടന്നുവരണം. അതുണ്ടായിട്ടില്ല. സാഹചര്യ തെളിവുകള്‍ ദിലീപിന് മാത്രമാണ് എതിര്. ശാസ്ത്രീയ തെളിവുകളുടെ വിശകലനവും വ്യക്തമാക്കുന്നത് അങ്ങനെയാണ്. അതുകൊണ്ട് തന്നെ സിദ്ദിഖിനെ പ്രതിയാക്കാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമണ്ട്. കാവ്യ മാധവനേയും റിമി ടോമിയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. സിദ്ദിഖിന്റെ ഇടപെടലുകളില്‍ വ്യക്തത വരുത്താനാണ് ഇത്. ദിലീപുമായി ചില ബിസിനസ് ഇടപാടുകള്‍ സിദ്ദിഖിനും ഉണ്ടെന്ന് പൊലീസിന് സംശയമുണ്ട്. 'അമ്മ'യുടെ യോഗത്തിനെത്തിയ നടിമാരെ ചിലര്‍ ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും വാര്‍ത്തായിരുന്നു. ഇതിന്റെ നിജസ്ഥിതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. പള്‍സര്‍ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ സിദ്ദിഖിനെ സംശയ നിഴിലില്‍ നിര്‍ത്തിയത്. എന്നാല്‍ ഗൂഢാലോചനയില്‍ പ്രതിയാക്കാന്‍ വേണ്ട തെളിവുകളുടെ അഭാവം ഇപ്പോഴുമുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ കേസ് അന്വേഷണം പൊലീസ് അവസാനിപ്പിക്കാനാണ് സാധ്യത. അതിന് ശേഷം കുറ്റപത്രം തയ്യാറാക്കല്‍ ജോലിയിലേക്ക് കടക്കും.
https://www.facebook.com/Malayalivartha