ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ചതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി.സദാശിവം വിളിച്ചു വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. ഗവര്‍ണറുടെ നടപടി സൗഹാര്‍ദ്ദപരമായിരുന്നു. ഇതിനെ ഒരു സ്ഥാപനം മറ്റൊന്നിന് മേല്‍ പ്രയോഗിച്ച അധികാര പ്രയോഗമായി കാണേണ്ടതില്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരം സൗഹൃദങ്ങള്‍ നല്ലതാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം രംഗത്ത് വന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ പരാമര്‍ശമെന്ന് ശ്രദ്ധേയമാണ്. ഭരണത്തലവന്‍ ഗവര്‍ണര്‍ ആണെങ്കിലും ഉപദേശകന്റെ റോള്‍ മാത്രമാണ് ആ പദവിയിലിരിക്കുന്നവര്‍ക്ക്
ഉള്ളതെന്ന് കോടിയേരി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു ശേഷം, മുഖ്യമന്ത്രിയെ രാജ്ഭവനില്‍ സമണ്‍ ചെയ്‌തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സമിതിയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷം ഗവര്‍ണര്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കണ്ടത് തെറ്റാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താക്കുറിപ്പ് ഇറക്കിയതും ശരിയായില്ല.
ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഗവര്‍ണറുടെ നടപടി ചില പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
https://www.facebook.com/Malayalivartha