ഗുരുവായൂരിലെ പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ല; സോഷ്യല്‍ മീഡിയ ദയവ് ചെയ്ത് ഇനി ഈ പ്രചാരണം നിര്‍ത്തണമെന്ന് കുടുംബം
ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ വധു വരനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയിട്ടില്ല. കാമുകനോടൊപ്പം പോയെന്ന വാര്‍ത്ത സമൂഹ മാദ്ധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കാമുകനോടൊപ്പം പോകുകയാണെന്ന് പറഞ്ഞ് താലിമാല ഊരി നല്‍കിയെങ്കിലും പെണ്‍കുട്ടി ഇപ്പോഴും മുല്ലശ്ശേരിയിലെ സ്വന്തം വീട്ടില്‍ തന്നെയുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ പരിധി വിടുന്നുണ്ടെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ വനിതാ കമ്മീഷനെ അടക്കം സമീപിക്കാനാണ് തീരുമാനമെന്നും വധുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. അപവാദ പ്രചാരണങ്ങള്‍ മൂലം പെണ്‍കുട്ടിയും കുടുംബവും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളരെക്കാലമായി യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. കല്യാണം നിശ്ചയിച്ചത് അറിഞ്ഞ് കൂട്ടുകാരുമൊത്ത് കാമുകന്‍ വരുമെന്ന് പെണ്‍കുട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായി പെണ്‍കുട്ടി വിശ്വസിച്ചിരുന്നില്ല.കതിര്‍ മണ്ഡപത്തിനടുത്ത് കാമുകനെ കണ്ടതോടെ തന്നെ കൊണ്ടുപോകാന്‍ കാമുകന്‍ എത്തിയെന്ന വിശ്വാസത്തില്‍ താലിമാല ഊരി നല്‍കുകയായിരുന്നത്രെ. എന്നാല്‍ മൂന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ കാമുകന് പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നുവെന്നാണ് കാമുകന്‍ വ്യക്തമാക്കുന്നത്. പ്രണയിച്ച പെണ്‍കുട്ടി നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ചാണ് വിവാഹം കാണാനായി ഗുരുവായൂരില്‍ എത്തിയത്. തുടര്‍ന്ന് കെട്ട് കഴിഞ്ഞതോടെ ദുഃഖത്തോടെ സ്ഥലം വിട്ടു. തുടര്‍ന്നാണ് വിവാദരംഗങ്ങള്‍ അരങ്ങേറിയത്.
രണ്ടു പേര്‍ക്കും 20 വയസ് മാത്രമാണ് പ്രായം. വിവാഹം മുടങ്ങിയതോടെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും ചെറിയ കൈയേറ്റം വരെയുണ്ടായി. തങ്ങളെ ചതിച്ചെന്ന് ആരോപിച്ച് വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയും 15 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസുമായുള്ള ചര്‍ച്ചയ്ക്കുശേഷം എട്ടു ലക്ഷം രൂപ നല്‍കാമെന്ന ധാരണയില്‍ പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാരും കാമുകന്റെ വീട്ടുകാരും തമ്മില്‍ സംസാരിച്ച് കാമുകന് പ്രായപൂര്‍ത്തിയാകുന്നതോടെ വിവാഹം ചെയ്ത് നല്‍കാമെന്ന് വാക്കാല്‍ സമ്മതിച്ചതായും പറയുന്നു.
https://www.facebook.com/Malayalivartha