ടി.പി. സെൻകുമാർ നടിയെ അപമാനിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്
കൊച്ചിയിൽ അക്രമത്തിനിരയായ നടിക്കെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ ടി.പി. സെൻകുമാറിനെ കുറ്റവിമുക്തനാക്കി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സെൻകുമാറിന്റെ സ്വകാര്യ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് വിവരങ്ങൾ വാരികയിൽ പ്രസിദ്ധീകരിച്ചവരാണ് കുറ്റക്കാരെന്നും റിപ്പോർട്ടിൽ പറയുന്നു. അഡ്മിനിസ്ട്രേഷൻ ഡിസിപി രമേഷ് കുമാർ ദക്ഷിണ മേഖലാ റേഞ്ച് ഐജിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ.
അക്രമത്തിനിരയായ നടിയെക്കുറിച്ചു മോശം പരാമർശം നടത്തിയ മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ടു സിനിമയിലെ വനിതാ കൂട്ടായ്മ നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം പൂർത്തിയായത്. സെൻകുമാറിന്റേത് സ്വകാര്യ സംഭാഷണമായിരുന്നെന്നും അതു രഹസ്യമായി റെക്കോർഡ് ചെയ്ത് വിവരങ്ങൾ വാരികയിൽ പ്രസിദ്ധീകരിച്ച പ്രസാധകരാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തിയതെന്നും ഐ.ജിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
നടിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ സെൻകുമാർ ഒരു പരാമർശവും നടത്തിയിട്ടില്ല. അദേഹത്തിന്റെ സ്വകാര്യ ഫോൺ സംഭാഷണ വിവരങ്ങൾ രഹസ്യമായി പകർത്തിയതു വാരികയുടെ പ്രതിനിധിയാണ്. തുടർന്ന് ഇൗ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിലൂടെ നടിയെ അപമാനിച്ചത് വാരികയാണെന്നും റിപ്പോർട്ട് പറയുന്നു.
https://www.facebook.com/Malayalivartha