നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടി
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡിസിനിമാസ് അടച്ചുപൂട്ടി. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അടച്ചുപൂട്ടല്‍. ചാലക്കുടി നഗരസഭാ കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്നായിരുന്നു നടപടി. ഡിസിനിമാസ് തീയറ്റര്‍ സമുച്ചയത്തിന് നിര്‍മാണ അനുമതി നല്‍കിയ വിഷയം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ചാലക്കുടി നഗരസഭയുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.
തുടര്‍ന്ന് നടന്ന ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ തീയറ്ററിന് നിര്‍മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡിസിനിമാസ് അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരും ചേര്‍ന്ന് സംയുക്തമായാണ് ഡിസിനിമാസ് അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തത്.
നിര്‍മ്മാണ അനുമതി തേടി നഗരസഭയ്ക്ക് സമര്‍പ്പിച്ച മൂന്നോളം പ്രധാനരേഖകള്‍ വ്യാജമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
35 സെന്റ് സ്ഥലം തോട് പുറമ്പോക്കാണ്. ബാക്കി സ്ഥാലം വലിയ തമ്പുരാന്‍ കോവിലകം വകയും. സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത് 2005ലാണ്. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ വീണ്ടും അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം 2015ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. മുന്‍ ഉടമകളടക്കം മറ്റു 13 പേര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതിനിടെ, കയ്യേറ്റം നടന്നിട്ടുണ്ടോ എന്നു കണ്ടെത്താനായി ജില്ലാ സര്‍വേയര്‍ അടുത്ത ആഴ്ച സര്‍വേ തുടങ്ങും. ദിലീപ് അടക്കം ഏഴു പേര്‍ക്കു രേഖകളുമായി എത്താന്‍ നോട്ടിസ് അയച്ചിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനയില്‍ കയ്യേറ്റം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ദിലീപ് വാങ്ങുന്നതിനു മുന്‍പ് ഏഴു തവണ ഈ ഭൂമി കൈമാറിയിട്ടുണ്ട്. അപ്പോഴെല്ലാം ഉടമകളുടെ പേരില്‍ നികുതിയും അടച്ചിട്ടുണ്ട്.
90 സെന്റില്‍നിന്ന് ഒന്നര സെന്റ് സ്ഥലം ദേശീയപാതയ്ക്കായി വിട്ടുകൊടുത്തിരുന്നു. വിട്ടുകൊടുത്ത ഭൂമിയുടെ രേഖയില്‍ പുറമ്പോക്ക് എന്നു രേഖപ്പെടുത്തിയപ്പോള്‍ ദിലീപിന്റെ ഭൂമിയിലും പുറമ്പോക്ക് എന്നു രേഖപ്പെടുത്തിയിരുന്നു. അതു പിന്നീടു തിരുത്തി വാങ്ങിയിട്ടുണ്ട്. എന്നാല്‍ കൈമാറ്റങ്ങളെല്ലാം പുറമ്പോക്കു ഭൂമി ഉപയോഗിച്ചാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. ഏഴ് ആധാരങ്ങളില്‍ നിന്നാണു ഭൂമി വാങ്ങിയിരിക്കുന്നത്.
ഇതിനിടെ തിയറ്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട രണ്ടു രേഖകള്‍ ചാലക്കുടി നഗരസഭ ഓഫിസില്‍നിന്ന് അപ്രത്യക്ഷമായി. നിര്‍മാണാനുമതിക്കായി സമര്‍പ്പിച്ച കൈവശാവകാശ രേഖയും ഭൂമിയുടെ സ്‌കെച്ചുമാണു കാണാതായത്. തിയറ്റര്‍ നിര്‍മിച്ചതു കയ്യേറ്റ ഭൂമിയിലാണെന്ന ആരോപണത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവ ഫയലില്‍ ഇല്ലെന്നു കണ്ടെത്തിയത്. നേരത്തെ ഇവ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha