ദിലീപിന്റെ അനധികൃത കയ്യേറ്റ വിവാദത്തില്‍പ്പെട്ട ചാലക്കുടിയിലെ തീയേറ്റര്‍ ഡി സിനിമാസിന് ഒടുവിൽ പൂട്ടു വീണു
നടിയെ ആക്രമിച്ചതിന്റെ ഗൂഡാലോചനകേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അനധികൃത കയ്യേറ്റ വിവാദത്തില്‍ പെട്ട ചാലക്കുടിയിലെ തീയേറ്റര്‍ ഡി സിനിമാസ് പൂട്ടി. ഇന്നലെ സെക്കന്‍ഡ്‌ഷോയോടെയാണ് പ്രദര്‍ശനം അവസാനിച്ചത്. നേരത്തേ ഡി സിനിമാസ് തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭാ കൗണ്‍സില്‍ ഏകകണ്‌ഠമായി തീരുമാനമെടുത്തിരുന്നു. ചട്ടവിരുദ്ധമായാണു നിര്‍മാണമെന്ന ആരോപണത്തെ തുടര്‍ന്ന് തിയറ്ററിന്റെ ബില്‍ഡിങ് പെര്‍മിറ്റും റദ്ദാക്കാനും തീരുമാനിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തന്നെ അധികൃതര്‍ തീയറ്ററില്‍ എത്തിയിരുന്നെങ്കിലും അവസാനത്തെ രണ്ടു ഷോയ്ക്കുള്ള ടിക്കറ്റ് വിറ്റുപോയെന്ന് പറഞ്ഞ് ജീവനക്കാര്‍ പൂട്ടാനെത്തിയവരെ തടയുകയും ഒടുവില്‍ സെക്കന്റ്‌ഷോയ്ക്ക് പിന്നാലെ തീയറ്റര്‍ പൂട്ടുകയുമായിരുന്നു. നഗരസഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം ചാലക്കുടി നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥരാണ് നടപടിക്കെത്തിയത്. വൈകിട്ട് അഞ്ചരയോടെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ദീദ കുമാരിയുടെ നേതൃത്വത്തിലുള്ള സംഘം തിയറ്ററിലെത്തിയെങ്കിലും ജീവനക്കാര്‍ പുറത്തിറങ്ങാന്‍ തയാറായില്ല. ഇവര്‍ പിന്നീട് പോലീസിനെ വിളിച്ചു വരുത്തുകയും സി.ഐ: ഷാജുവിന്റെ നേതൃത്വത്തില്‍ പോലീസെത്തി അറസ്‌റ്റ് ചെയ്യുമെന്ന് അറിയിച്ചതോടെ ജീവനക്കാര്‍ വഴങ്ങി.
ടിക്കറ്റ് വിറ്റു തീര്‍ന്നതിനാല്‍ സെക്കന്‍ഡ് ഷോയ്‌ക്കുശേഷം താക്കോല്‍ ഏല്‍പ്പിക്കാമെന്ന ഉറപ്പില്‍ അടച്ചുപൂട്ടാനെത്തിയ ഉദ്യോഗസ്‌ഥരെ മടക്കി അയച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ അഭ്യര്‍ഥനപ്രകാരം നഗരസഭ വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, കൗണ്‍സിലര്‍മാരായ വി.ജെ. ജോജി, എം.എം. ജിജന്‍ എന്നിവര്‍ തിയറ്റര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്‌ചത്തെ ഫസ്‌റ്റ്, സെക്കന്‍ഡ് ഷോയ്‌ക്കുള്ള നാനൂറു ടിക്കറ്റുകള്‍ ഓണ്‍ലൈനായി വിറ്റെന്ന് അനൂപ് അറിയിക്കുകയായിരുന്നു. ടിക്കറ്റ് വില്‍പ്പന നടത്തിയതിനാല്‍ പ്രദര്‍ശനം മുടക്കുന്നതു മാനേജ്‌മെന്റിനു സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സെക്കന്‍ഡ് ഷോയ്‌ക്കുശേഷം തിയറ്റര്‍ പൂട്ടി താക്കോല്‍ ഏല്‍പ്പിക്കാമെന്നും രേഖാമൂലം ഉറപ്പുനല്‍കി.
ഇതേത്തുടര്‍ന്ന് ഉദ്യോഗസ്‌ഥര്‍ മടങ്ങുകയായിരുന്നു. തീയറ്റര്‍ ഇരിക്കുന്നത് സര്‍ക്കാര്‍ഭൂമി കയ്യേറിയാണെന്ന ആരോപണമാണ് പ്രധാനമായും ഡി സിനിമാസ് നേരിടുന്നത്. ചീഫ് ടൗണ്‍ പ്ലാനര്‍(സി.ടി.പി) അംഗീകരിച്ച പ്ലാനില്‍ നിന്നു ഭിന്നമായി 7000 ചതുരശ്ര അടി കൂടുതല്‍ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്.
കൂടുതലായി നടത്തിയ പ്രവര്‍ത്തികള്‍ സി.ടി.പി.യുടെ അംഗീകാരത്തിന് വിധേയമാക്കാതെ കഴിഞ്ഞ കൗണ്‍സില്‍ നഗരസഭ സെക്രട്ടറിയെ സ്വാധീനിച്ച് പിഴ അടപ്പിച്ച് റെഗുലൈസ് ചെയ്‌ത് കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്.പരാതിയുടെ അടിസ്‌ഥാനത്തില്‍ സി.ടി.പി.വിജലന്‍സ് അനേ്വഷണം നടത്തുകയും നടപടി നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്.
എന്നാല്‍ ഇതിനെതിരെ കഴിഞ്ഞ കൗണ്‍സില്‍ ഒരു നടപടിയും എടുത്തിരുന്നില്ല. കെട്ടിട നിര്‍മാണം സംബന്ധിച്ച നഗരസഭയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളില്‍ ഭൂരിഭാഗം ഒപ്പുകളും ദിലീപിന്റേതല്ലെന്നും 80 ശതമാനം ഒപ്പുകളും വ്യാജമാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ദിലീപിന്റെ ഉടമസ്‌ഥതയിലുള്ള തിയറ്റര്‍ ഭൂമി 680, 681/1സര്‍വ്വെ നമ്പറുകളിള്‍ ഉള്‍പ്പെട്ടതാണ്.
കിഴക്കേ ചാലക്കുടി വില്ലേജില്‍ സര്‍വ്വെ 681/1ഭൂമി തോട് പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ദിലീപ് സമര്‍പ്പിച്ചിട്ടുള്ള കൈവശാകാശ സര്‍ട്ടിഫിക്കറ്റില്‍ ഈ സര്‍വേ നമ്പര്‍ ഭൂമിയുടെ ക്ലാസിഫിക്കേഷന്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അത് കൊണ്ട് തന്നെ ഇത് പുറമ്പോക്ക് ഭൂമിയാണെന്നും നഗരസഭാ കൗണ്‍സിലില്‍ വാദമുണ്ടായി. ശബ്‌ദബഹുലമായ ചര്‍ച്ചയ്‌ക്കൊടുവില്‍ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കിയതായി ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha