സി.പി.ഐ നേതാവ് പി.രാജുവിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയേറി
മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ സി.പി.ഐ നേതാവ് പി.രാജുവിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയേറി.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ സി.പി.ഐ നേതാക്കളോ പ്രവര്‍ത്തകരോ ഒരക്ഷരം പറയരുതെന്ന് സി.പി.ഐയില്‍ കര്‍ശനമായ താക്കീത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് എല്ലാ നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് നടപടി. രാജുവിന്റെ പ്രസ്താവനക്കെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയിലെയും എറണാകുളം ജില്ലാ കമ്മിറ്റിയിലെയും നേതാക്കള്‍ ഇടപെട്ടു. ഇത്തരത്തില്‍ പ്രസ്താവനയിറക്കാന്‍ ഒരു ജില്ലാ സെക്രട്ടറിക്ക് ആരാണ് അനുമതി നല്‍കിയതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാനത്തോട് ചോദിച്ചെന്നാണ് വിവരം. കാനത്തിന്റെ പരസ്യ പ്രസ്താവനകളാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞത്രേ.
കാനം കലിതുള്ളി പി.രാജുവിനെ വിളിച്ചു. മര്യാദ പൂര്‍വ്വം സംസാരിക്കാന്‍ പഠിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പ്രസ്താവനയില്‍ നിന്നും രാജു പൊടുന്നനെ മറിഞ്ഞു. തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്നാണ് രാജു പറഞ്ഞത്. ഇക്കാര്യം ചൂണ്ടി കാട്ടി പ്രസ്താവന നല്‍കാനും കാനം ആവശ്യപ്പെട്ടു. അതനുസരിച്ചാണ് പ്രസ്താവന നല്‍കിയത്.
കാനത്തിനു പോലും മറുപടി നല്‍കാത്ത പിണറായി രാജുവിന് മറുപടി നല്‍കില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേ സമയം പ്രസ്താവനയിലുള്ള അതൃപ്തി അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറിയെയും എല്‍.ഡി.എഫ് കണ്‍വീനറെയും അറിയിച്ചിട്ടുണ്ട്.
സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ബന്ധം കുഴപ്പമില്ലാതെ തുടരുന്നതിനിടയിലാണ് രണ്ടു വെടിപൊട്ടിച്ചത്. കടക്ക് പുറത്ത് എന്ന പ്രസ്താവനയെ സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അപലപിച്ചിരുന്നു. കാനത്തിന്റെ അഭിപ്രായത്തോട് പിണറായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്തില്ല. മുമ്പും കാനത്തിന്റെ അഭിപ്രായങ്ങളെ പിണറായി അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള വിഷയത്തില്‍ സി.പി.ഐക്ക് എന്തു കാര്യമാണെന്നാണ് സി.പി.എം ചോദിക്കുന്നത്. ഗവര്‍ണര്‍ പേടിപ്പിച്ചാല്‍ പേടിക്കുന്നയാളാണ് പിണറായി എന്നു ഘടകകക്ഷി നേതാവ് പറയുമ്പോള്‍, അത് സി.പി.എമ്മിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ ഉപദേശകരെ മന്ദബുദ്ധികള്‍ എന്നാണ് നേതാവ് വിശേഷിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സിയില്‍ നടന്ന സ്ഥലം മാറ്റങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച യോഗത്തിലാണ് വിമര്‍ശനം ഉണ്ടായത്.
പാര്‍ട്ടി നടപടിയില്‍ കുറഞ്ഞൊന്നും സി.പി.എം അംഗീകരിക്കില്ല. രാജുവിന്റെ പ്രസംഗം റെക്കോര്‍ഡ് ചെയ്തത് പാര്‍ട്ടി പരിശോധിക്കും. കാനം നേരിട്ടായിരിക്കും ഇത് പരിശോധിക്കുക. രാജുവിനെ സി.പി.ഐ വെറുതെ വിടുകയാണെങ്കില്‍ന്‍ സി.പി.എം അദ്ദേഹത്തെ കൈകാര്യം ചെയ്യും.
https://www.facebook.com/Malayalivartha