അടുത്തയാഴ്ച ദിലീപ് ഹൈക്കോടതിയിൽ ജാമ്യഹർജിയുമായി സമീപിക്കാനിരിക്കെ ഉടൻ പോലീസ് കുറ്റപത്രം ഫയൽ ചെയ്തേക്കും
ദിലീപിന് ജാമ്യം ലഭിക്കാനിടയുള്ള സാഹചര്യമുണ്ടായാൽ പോലീസുദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ഒരു സെൽ ദിലീപ് കേസിന്റെ പുരോഗതി വിലയിരുത്തും. ചീഫ് സെക്രട്ടറി നളിനി നെറ്റോയും ഉദ്യോഗസ്ഥരെ ഉപദേശിക്കുന്നുണ്ട്.
സർക്കാരിന്റെ പ്രസ്റ്റീജ് വിഷയമായി മാറിയിരിക്കുകയാണ് ദിലീപ്. ദിലീപിന് ജാമ്യം ലഭിക്കുകയാണെങ്കിൽ അത് സർക്കാരിന് വലിയ നാണക്കേടായി മാറും. സർക്കാർ കൂടി ഒത്തുകളിച്ചാണ് ജാമ്യം ലഭിച്ചതെന്ന് നാട്ടുകാർ കരുതും. ഇതാണ് സർക്കാരിനെ ഭയപ്പെടുത്തുന്നത്. ഇതിനകം തന്നെ ദിലീപ് വിഷയത്തിൽ സർക്കാരിനെതിരെ ധാരാളം വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. കേസിലെ ഏക തൊണ്ടിമുതലായ മൊബൈൽ ഫോണും മെമ്മറി കാർഡും ഇതുവരെ കണ്ടെത്തിയിട്ടില്ല. സമർത്ഥരായ ഉദ്യോഗസ്ഥർ അന്വേഷിച്ചിട്ടും ഫോൺ ലഭിച്ചില്ലെന്ന ആക്ഷേപത്തിനു പിന്നിൽ കള്ളകളിയുണ്ടോ എന്നും സർക്കാർ ഉന്നതർ സംശയിക്കുന്നുണ്ട്.
പോലീസിനെ സർക്കാർ നൂറു ശതമാനവും വിശ്വസിച്ചിട്ടില്ല. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന റിപ്പോർട്ടാണ് സർക്കാരിനു നൽകിയിട്ടുള്ളത്. തെളിവുശേഖരണം പൂർത്തിയായതായും പോലീസ് പറയുന്നു. രണ്ട് കുറ്റപത്രങ്ങളും ഒരേ സമയം വിചാരണക്ക് എടുപ്പിക്കാനാണ് നീക്കം. കേസിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തേക്കും.
ദിലീപിനെ പൂട്ടാനുള്ള എല്ലാ വഴികളും പോലീസ് നെയ്യുന്നുണ്ട്. ഫോൺ കണ്ടെത്താൻ കഴിയാത്തതാണ് പോലീസിനെ ഏറെ വിഷമിപ്പിക്കുന്നത്. അഭിഭാഷകൻ പറഞ്ഞത് പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. അഭിഭാഷകന്റെ പിന്നാലെ പോലീസിന്റെ സുശക്തമായ നിരീക്ഷണമുണ്ട്.
പോലീസിന്റെ വിശ്വാസ്യതയാണ് അവർക്ക് സംരക്ഷിക്കാനുള്ളത്. എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ എല്ലാവരും എതിരാകും. പ്രതികൂല സാഹചര്യങ്ങൾ മാത്രമാണ് ചുറ്റുമുള്ളത്. തങ്ങളുടെ യാത്ര നൂൽപാലത്തിലൂടെയാണെന്ന് പോലീസിനറിയാം.
അതിനിടയിൽ ദിലീപിനെതിരെ തെളിവില്ലെന്ന കാര്യം പോലീസ് ഉന്നതർക്കറിയാം എന്ന പിസി ജോർജിന്റെ പ്രസ്താവനയും പോലീസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് പോലീസിന്റെ സംശയം.
https://www.facebook.com/Malayalivartha