ആ യാത്രയില്‍ ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ യുവാവിന് നഷ്ടമായത്...
കൈതപ്പൊയിലിനടുത്തു വടുവന്‍ചാലിലുണ്ടായ വാഹനാപകട ദുരന്തത്തിന്റെ ഞെട്ടലില്‍ വിറങ്ങലിച്ചിരിക്കയാണു കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേക്കര വീട്ടില്‍ ഷാജഹാനും ഭാര്യ ഹസീനയും. സന്തോഷപൂര്‍വം നടത്തിയ യാത്രയില്‍ കൂടെയുണ്ടായിരുന്ന ഉമ്മയും ബാപ്പയും മകനും സഹോദരിയുടെ മക്കളും ഡ്രൈവറും ഇനിയില്ലായെന്നോര്‍ക്കുമ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഷാജഹാനും ഭാര്യയ്ക്കും സഹിക്കാനാകുന്നില്ല. ഗള്‍ഫില്‍ നിന്ന് അവധിക്കു നാട്ടിലെത്തിയ ഷാജഹാന്‍ കുടുംബവുമൊത്തു വെള്ളിയാഴ്ചയാണു വയനാട്ടിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയത്.
ബന്ധുവീട്ടില്‍ ഒരു ദിവസം തങ്ങി ശനിയാഴ്ച ഉച്ചയോടെയാണു ഡ്രൈവര്‍ പ്രമോദിനെയും കൂട്ടി കോഴിക്കോട്ടേക്കു തിരിച്ചത്. ആ യാത്ര ഇത്ര വലിയൊരു ദുരന്തത്തില്‍ കലാശിച്ചതോടെ എങ്ങനെ ഷാജഹാനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും.
എതിരെ വന്ന ബസ് ഒന്നു വശത്തേക്കു മാറിയിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നു പറഞ്ഞു കേഴുന്ന ഷാജഹാനു ബസ് നേരെ വന്നതു മാത്രമെ ഓര്‍മയുള്ളൂ. അപകടത്തില്‍ പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവരുന്ന വിവരം ലഭ്യമായതോടെ എല്ലാ സജ്ജീകരണവുമായി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം തയാറെടുത്തിരുന്നു.
രണ്ടേ മുക്കാലോടെ പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ വയനാട്ടില്‍ നിന്നു മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു മുന്‍പിലെത്തി തുടങ്ങി.
സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും കൈമെയ് മറന്ന് അത്യാഹിത വിഭാഗത്തില്‍ കാത്തുനിന്നെങ്കിലും അവര്‍ക്കു മുന്‍പിലേക്ക് എത്തിയത് മൂന്നു കുട്ടികളുടെയും മൂന്നു മുതിര്‍ന്നവരുടെയും മൃതദേഹങ്ങളായിരുന്നു.
https://www.facebook.com/Malayalivartha