രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സിപിഎം - ബിജെപി പോരു മുറുകുന്നതിനിടെ അരുണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്തെത്തി; രാജേഷിന്റെ വീട് സന്ദര്‍ശിച്ചു
രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സിപിഎം - ബിജെപി പോരു മുറുകുന്നതിനിടെ കേന്ദ്ര പ്രതിരോധമന്ത്രിയായ അരുണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്തെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എംപിമാരായ നളിന്‍കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, ഒ. രാജഗോപാല്‍ എംഎല്‍എ, വി. മുരളീധരന്‍, എം.ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് ജയ്റ്റ്‌ലി സന്ദര്‍ശിച്ചു.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും അടുത്തയാഴ്ച കേരളത്തിലെത്തും. കണ്ണൂരിനു പിന്നാലെ തിരുവനന്തപുരത്തുമെത്തിയ രാഷ്ട്രീയ സംഘര്‍ഷം, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകം, മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയ ഗവര്‍ണറുടെ അസാധാരണ നടപടി, ഇതിനെല്ലാം പിന്നാലെ കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതു പരിഗണിക്കണമെന്ന ആര്‍എസ്എസിന്റെ നിലപാട്.
ഇങ്ങനെ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും തമ്മില്‍ രാഷ്ട്രീയ തര്‍ക്കം കലുഷിതമാകുന്നതിനിടെയാണു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിക്കുന്നതിനൊപ്പം എട്ട് മാസം മുന്‍പ് നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ വീട്ടിലുമെത്തും
.
കൂടാതെ സി.പി.എം അക്രമങ്ങളില്‍ പരുക്കേറ്റവരുടെ സംഗമത്തിലും പങ്കെടുത്ത ശേഷം വൈകിട്ടോടെ മടങ്ങും. ഒരു വശത്ത് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രീയ കൊലപാതകങ്ങളെ ആയുധമാക്കിയുള്ള ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനം.
https://www.facebook.com/Malayalivartha