കാണാതായ മൂന്നര വയസ്സുകാരിക്ക് വേണ്ടി പ്രാര്‍ഥനയോടെ കാസര്‍കോട് ഒരു ഗ്രാമം; മൂന്നു ദിവസമായിട്ടും സന കാണാമറയത്ത്...
കാസര്‍ഗോഡ് ബാപ്പുങ്കയത്ത് നിന്ന് കാണാതായ മൂന്നര വയസ്സുകാരി സന ഫാത്തിമയ്ക്കു വേണ്ടി ഒരു നാടു മുഴുവന്‍ കണ്ണീരോടെ പ്രാര്‍ത്ഥനയില്‍. കുട്ടിയെ അന്വേഷിച്ചുള്ള പുഴയിലെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും. ഫയര്‍ഫോഴ്‌സും നാട്ടുകാരും രണ്ടു ദിവസമായി നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പാണത്തൂര്‍ പുഴയില്‍ ബാപ്പുങ്കയം ഭാഗത്തെ കൊല്ലിയിലും ചിറങ്കടവ് അണക്കെട്ട് പരിസരത്തും തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതേത്തുടര്‍ന്നാണ് പുഴ കേന്ദ്രീകരിച്ചുള്ള അന്വേഷണം തല്‍ക്കാലം നിര്‍ത്തി വെയ്ക്കാന്‍ പോലീസ് തീരുമാനിച്ചത്.
അതേസമയം കുട്ടിക്കായി മറ്റു രീതിയിലുള്ള അന്വേഷണങ്ങള്‍ ശക്തമാക്കും. രാജപുരം ബാപ്പുംഗലത്തെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിമിന്റെ മകളാണ് മൂന്നര വയസ്സുകാരി സന ഫാത്തിമ. വ്യാഴാഴ്ച വൈകുന്നേരം അങ്കണവാടിയില്‍ നിന്നെത്തിയ ശേഷം മുറ്റത്ത് കളിക്കാനിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
വീടിനടുത്തുള്ള ഓവുചാലിന്റെ കരയില്‍ കുടയും ചെരുപ്പും കണ്ടതോടെ കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന സംശയത്തില്‍ ഓവുചാലും ഇവിടെ നിന്ന് പുഴയിലേക്ക് വെള്ളമൊഴുകുന്ന സിമന്റ് പൈപ്പും പരിശോധിച്ചിരുന്നു. മൂന്നു ദിവസമായി പുഴയിലും നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. എന്നാല്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കളിചിരികൾ നിറഞ്ഞ സനയുടെ വീട് രണ്ട് ദിവസമായി മൗനത്തിലാണ്. മകളെ കാണാത്ത ദിനം മുതൽ ഉമ്മ ഹസീന ഉറങ്ങിയിട്ടില്ല. നിമിഷ നേരം കൊണ്ട് നഷ്ടമായത് ഈ വീട്ടിലെ കളിചിരികളാണ്. തന്റെ കുഞ്ഞേട്ടത്തിയെ കാണാതായതറിയാതെ തൊട്ടിലിൽ കിടക്കുകയാണ് മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജത്തി. പട്ടുവത്തെ അങ്കണവാടിയിൽ നിന്ന് മൂന്നരയോടെ ഉമ്മേ എന്നു വിളിച്ച് വീടിനകത്തേക്കു കയറി വന്ന മകളെ കുഞ്ഞിനു മുലയൂട്ടുകയായിരുന്ന അമ്മയ്ക്ക് സ്നേഹപൂർവം സ്വീകരിക്കാനായില്ല.
വീടിനുള്ളിൽ ബാഗ് വച്ച് പുറത്തേക്കിറങ്ങിയതായിരുന്നു പൊന്നുമോൾ. വീട്ടിലുണ്ടായിരുന്ന വല്യുമ്മ നമസ്കാര പായയിലായിരുന്നു. നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കുട്ടിയെ കാണാത്തതിനെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. തൊട്ടടുത്ത ഓടയിലെ കുത്തൊഴുക്കിൽ പെട്ടിരിക്കാമെന്ന് അഭ്യൂഹം പടർന്നതു മുതൽ തന്റെ മകളെ എത്രയും വേഗം തിരികെ ലഭിക്കണേ എന്ന പ്രാർഥന മാത്രമാണ് ഉമ്മയ്ക്കും ഉപ്പയ്ക്കും. സംഭവ ദിവസം മുതൽ നാട്ടുകാരും ബന്ധുക്കളും ആശ്വസിപ്പിക്കാനെത്തുന്നുണ്ട്.
നാട്ടുകാരും അഗ്നിശമന സേനയും മൂന്നു ദിവസമായി നാടു മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈകുന്നേരം വരെ കളിചിരിയുമായി കണ്ട കുഞ്ഞ് എവിടേക്കാണ് അപ്രത്യക്ഷമായതെന്നറിയാതെ ആഘാതത്തിലാണ് സനയുടെ കുടുംബം. ഒരു നാടിന്റെ മുഴുവന്‍ വേദനയായിരിക്കുകയാണ് സന എന്ന മൂന്നരവയസ്സുകാരി. ഇതിനിടയില്‍ നാടോടി സംഘത്തോടൊപ്പം കുട്ടിയെ കണ്ടു എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ ചിലര്‍ നടത്തിയിരുന്നു.
പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ലെങ്കിലും നാട്ടുകാര്‍ക്ക് സംശയമുള്ള നാടോടി സംഘങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അയല്‍വാസികളില്‍ നിന്നും കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കുട്ടി മറ്റേതെങ്കിലും രീതിയില്‍ അപകടത്തില്‍പ്പെട്ടതാണോ എന്ന സംശയത്തിന്റെ ബലത്തില്‍ എല്ലാ രീതിയിലും അന്വേഷണം വ്യാപിപ്പിക്കാന്‍ കലക്ടര്‍ കെ.ജീവന്‍ ബാബു പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടിയെ കണ്ടെത്താനാവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കലക്ടര്‍ സനയുടെ കുടുംബത്തിന് ഉറപ്പു നല്‍കി. കുട്ടിയെ കണ്ടെത്തുന്നത് സംബന്ധിച്ച് പോലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നത് വരെ സോഷ്യല്‍ മീഡിയ വഴി തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ നടത്തരുതെന്ന് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha