കേരളത്തെ സംഘര്‍ഷ മേഖലയാക്കി ചിത്രീകരിക്കുന്നതിനുള്ള ശ്രമം ; അരുൺ ജെയ്‍റ്റ്‍ലിക്ക് മറുപടിയുമായി കേരളാമുഖ്യൻ
കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി. സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് സര്‍വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെതിരെ യോഗത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും രൂക്ഷ വിമര്‍ശനമുന്നയിച്ചു.
കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്നും ഇവിടെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്നും ചിലര്‍ ചിത്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത് അംഗീകരിച്ചുകൊടുക്കാനാകില്ല. നാട്ടില്‍ മതസ്പര്‍ധയും പ്രകോപനവും സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയ വഴിയും ശ്രമം നടക്കുന്നുണ്ട്. അക്രമ സംഭവങ്ങള്‍ക്കെതിരെ പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കും. ക്രിമിനലുകള്‍ക്ക് രാഷ്ട്രീയബന്ധമുണ്ടെങ്കിലും അവരെ ക്രിമിനലുകളായി മാത്രം കണക്കാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശമുന്നയിച്ചു. ചില പൊലിസുകാര്‍ രാഷ്ട്രീയ നേതാക്കളെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ക്രമസമാധാനം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും പൊലീസ് നിഷ്ക്രിയമാണെന്നും ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലും പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുപിന്നാലെ ചേര്‍ന്ന സര്‍വകക്ഷി യോഗം സമാധാനത്തിന് ആഹ്വാനം നല്‍കിയെങ്കിലും രൂക്ഷമായ വാക് പോര് തുടരുന്നതിനാല്‍ അതെത്രത്തോളം പ്രായോഗികമാണെന്നത് കണ്ടറിയണം.
https://www.facebook.com/Malayalivartha