തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട എമിറേറ്റ്‌സ് ബോയിങ് വിമാനം ദുബൈ വിമാനത്താവളത്തില്‍ അഗ്‌നിക്കിരയായതിന് കാരണം യന്ത്രത്തകരാറല്ല... സമഗ്ര അന്വേഷണം
തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട എമിറേറ്റ്‌സ് ബോയിങ് 777300 എയര്‍ക്രാഫ്റ്റ് 2016 ഓഗസ്റ്റില്‍ ദുബൈ വിമാനത്താവളത്തില്‍ അഗ്‌നിക്കിരയായതു വിമാനത്തിന്റെ യന്ത്രത്തകരാര്‍ മൂലമല്ലെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് അപകടത്തിനു കാരണം വിമാനത്തിന്റെ യന്ത്രത്തകരാറല്ലെന്ന വിശദീകരണമുള്ളത്. അതേസമയം, അപകടത്തിനു പിന്നില്‍ 'മനുഷ്യനിര്‍മിത'മായ കാരണങ്ങളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പ്രസ്താവനയിലുണ്ട്.
അപകടത്തേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് വ്യക്തമാക്കി. അന്വേഷണം ഏറ്റവും സത്യസന്ധവും വിജയകരവുമായി പൂര്‍ത്തിയാക്കുന്നതിന് അന്വേഷണ സംഘത്തിന് സമ്പൂര്‍ണ സഹകരണം ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് മൂന്നിനു 18 ജീവനക്കാരും 282 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട എമിറേറ്റ്‌സ് ബോയിങ് 777300 എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പെട്ടത്. 24 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ ജാസിം ഈസ അല്‍ ബലൂഷി (27) കൊല്ലപ്പെടുകയും ചെയ്തു.
വിമാനം ആദ്യം റണ്‍വേയില്‍ തൊട്ടതിനുശേഷം വീണ്ടുംപറന്നുയരാന്‍ ശ്രമിച്ചെന്നും ആ ശ്രമത്തിനിടെ ഇടിച്ചിറങ്ങുകയായിരുന്നെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വ്യോമ അപകട അന്വേഷണ വിഭാഗം തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ലാന്‍ഡിങ്ങിന്റെ അവസാന നിമിഷങ്ങളില്‍ കാറ്റിന്റെ ഗതിയിലും വേഗത്തിലും മാറ്റമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.
അപകടത്തിനു പിന്നാലെ പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ അപകടത്തെക്കുറിച്ചുണ്ടായിരുന്ന വിശദാംശങ്ങള്‍ ഇങ്ങനെ: എല്ലാ യാത്രക്കാരെയും റണ്‍വേയിലേക്ക് ഇറക്കിയശേഷം എയര്‍ക്രാഫ്റ്റ് കമാന്‍ഡറും മുതിര്‍ന്ന ക്യാബിന്‍ ക്രൂവുമാണ് അവസാനം വിമാനത്തില്‍നിന്ന് ഇറങ്ങിയത്. ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു ക്യാബിനില്‍ കനത്ത പുകയുണ്ടാകുകയും യാത്രക്കാര്‍ക്കു വാതിലുകള്‍ വഴി രക്ഷപ്പെടാന്‍ കഴിയാതെവരികയും ചെയ്തു.
കാറ്റിന്റെ ഗതിമാറ്റത്തെക്കുറിച്ചും വേഗത്തെക്കുറിച്ചും നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി ആന്‍ഡ് സീസ്‌മോളജി അന്നു രാവിലെ മുന്നറിയിപ്പു നല്‍കിയിരുന്നു. പറക്കല്‍ സാഹചര്യങ്ങള്‍ മോശമാക്കുന്ന രീതിയില്‍ വ്യാപക പൊടിക്കാറ്റും ഉണ്ടായിരുന്നു. കാറ്റിന്റെ ഗതിയിലെ അസാധാരണമായ മാറ്റങ്ങളെക്കുറിച്ചും ശക്തമായ കാറ്റിനെതുടര്‍ന്നു രണ്ടു തവണ ലാന്‍ഡിങ് ഉപേക്ഷിച്ചതിനെക്കുറിച്ചും എയര്‍ ട്രാഫിക് മാനേജര്‍, എയര്‍ ട്രാഫിക് കോഓര്‍ഡിനേറ്ററെ അറിയിച്ചിരുന്നു.
വിമാനത്തിന്റെ വലതുഭാഗത്തെ മെയിന്‍ ലാന്‍ഡിങ് ഗിയര്‍ റണ്‍വേയില്‍ തൊട്ട് മൂന്നുസെക്കന്‍ഡിനുശേഷം ഇടതുവശത്തെ മെയിന്‍ ലാന്‍ഡിങ് ഗിയറും റണ്‍വേയില്‍ തൊട്ടു. നോസ് ലാന്‍ഡിങ് ഗിയര്‍ വായുവിലായിരുന്നു. ഈ സമയമെല്ലാം കാറ്റിന്റെ ഗതി മാറിക്കൊണ്ടിരുന്നു. തുടര്‍ന്നു വിമാനം പറന്നുയരാന്‍ ശ്രമിക്കുകയും ലാന്‍ഡിങ് ഗിയര്‍ പിന്‍വലിയാന്‍ ആരംഭിക്കുകയും ചെയ്തു. 4000അടി ഉയരത്തിലേക്കു പോകാന്‍ കണ്‍ട്രോള്‍ ടവര്‍ അനുമതി നല്‍കി. എന്നാല്‍ അല്‍പം ഉയരത്തില്‍ എത്തിയതോടെ വിമാനം വീണ്ടും താഴുകയും ഇടിച്ചിറങ്ങുകയുമായിരുന്നു.
നിശ്ചലമാകുന്നതിനു മുന്‍പ് 800 മീറ്ററോളം റണ്‍വേയില്‍ മുന്നോട്ടുനീങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയം വലതുചിറകില്‍നിന്നു നമ്പര്‍രണ്ട് എന്‍ജിന്‍ ഭാഗം വേര്‍പെട്ടു. അപ്പോള്‍ വലതുചിറകുഭാഗത്ത് തീ കണ്ടു. നമ്പര്‍വണ്‍ എന്‍ജിന്‍ഭാഗത്തും തീപിടിത്തസാധ്യത കണ്ടു. വിമാനം നിശ്ചലമായശേഷം നമ്പര്‍രണ്ട് എന്‍ജിനില്‍നിന്നു തീപടര്‍ന്നു. ഉടനെ വിമാനം ഒഴിപ്പിക്കാനുള്ള സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കി. വിമാനം നിശ്ചലമായയുടന്‍ അഗ്‌നിശമനസേനാ സംഘം എത്തി യാത്രക്കാരെ രക്ഷപ്പെടുത്തി. അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha