നിയമസഭ സമ്മേളനം: മെഡിക്കല്‍ കോഴ വിവാദത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി
മെഡിക്കല്‍ കോഴ വിവാദം സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി അക്രമങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കവെ വ്യക്തമാക്കി.
മെഡിക്കല്‍ കോഴ ആരോപണം ഗുരുതരമാണെന്ന് പ്രശ്‌നം സഭയില്‍ അവതരിപ്പിച്ച പാറയ്ക്കല്‍ അബ്ദുള്ള പറഞ്ഞു. ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, കേസില്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും അത് തുടരട്ടെയെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ആവശ്യമെങ്കില്‍ മറ്റ് ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്നും പിണറായി പറഞ്ഞു.
മെഡിക്കല്‍ കോഴ വിവാദത്തെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഈ പ്രശ്‌നം ബഹുജന ശ്രദ്ധ നേടിയതാണ്. അതിനാല്‍ തന്നെ അതില്‍ നിന്ന് ശ്രദ്ധ തിരിക്കേണ്ടത് ബി.ജെ.പിയുടെ ആവശ്യമാണ്. ഇതിന് വേണ്ടി ബി.ജെ.പി തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha