വസ്തുവില്‍പന: കരാര്‍ രജിസ്‌ട്രേഷന് ഉടമയും വാങ്ങുന്നയാളും സബ് രജിസ്ട്രാര്‍ ഓഫിസിലെത്തണം, വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് നടപടി സങ്കീര്‍ണമാകും
വസ്തുവില്‍പനയുടെ കരാര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനിമുതല്‍ ഭൂഉടമയും അഡ്വാന്‍സ് നല്‍കുന്നയാളും സബ് രജിസ്ട്രാര്‍ ഓഫിസിലെത്തണം. അഡ്വാന്‍സ് തുക കൈപ്പറ്റി നിശ്ചിത കാലാവധിക്കുള്ളില്‍ വസ്തുവിന്റെ ബാക്കി തുക കൈപ്പറ്റി വസ്തു രജിസ്റ്റര്‍ ചെയ്തുനല്‍കാമെന്ന് ഭൂ ഉടമ മാത്രം എഴുതുന്ന നിലയിലുള്ള കരാര്‍ പത്രമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
എന്നാല്‍, ഇത്തരത്തിലുള്ള കരാര്‍ പത്രങ്ങള്‍ ഇനി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുള്ള നിര്‍ദേശം സബ് രജിസ്ട്രാര്‍മാര്‍ക്ക് ലഭിച്ചു. പുതിയ നിര്‍ദേശമനുസരിച്ച് ഭൂ ഉടമകളും വസ്തു വാങ്ങുന്നവരും ചേര്‍ന്ന് കരാര്‍ ഉടമ്പടി എഴുതി, ഫോട്ടോകള്‍ പതിച്ച് ഹാജരാക്കുന്ന കരാര്‍ പത്രങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യൂ.
ഹൈക്കോടതിയുടെ 15/07/2016 ലെ വിധിയുടെ അടിസ്ഥാനത്തിലാണ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കരാര്‍ ആധാരങ്ങള്‍ ഉഭയസമ്മതപ്രകാരമുള്ള ഉടമ്പടിയായതിനാല്‍ ഭൂ ഉടമയും വാങ്ങാന്‍ അഡ്വാന്‍സ് നല്‍കുന്ന ആളും സബ് രജിസ്ട്രാര്‍ ഓഫിസിലെത്തി സമ്മതം രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
ഇതോടെ വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് സംസ്ഥാനത്ത് വസ്തു വാങ്ങുന്നതിനുള്ള നടപടി സങ്കീര്‍ണമാകും. വസ്തു വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കി കരാര്‍ എഴുതുമ്പോള്‍ വിദേശത്ത് ജോലിനോക്കുന്നവര്‍ ഇനിമുതല്‍ നാട്ടിലെത്തേണ്ടിവരും. ഒരുമാസം മുതല്‍ വര്‍ഷത്തിലേറെ വരെ നീളുന്ന കാലാവധിയിലാണ് പലപ്പോഴും കരാര്‍ പത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത കരാര്‍ ഉടമ്പടികള്‍ക്ക് നിയമസാധുത ഇല്ലാത്തതിനാല്‍ അടുത്തിടെയായി കരാര്‍ പത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടിയിരുന്നു.
എന്നാല്‍, വിലയാധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാങ്ങുന്നയാള്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തേണ്ടതില്ല. വിലയാധാരത്തില്‍ വാങ്ങുന്നയാളുടെ ഫോട്ടോ പതിച്ച് വിരലടയാളം രേഖപ്പെടുത്തിയാല്‍ മതി. കൈമാറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും അഡ്വാന്‍സ് നല്‍കുന്ന അവസരത്തിലും പണമായി 20,000 രൂപയില്‍ കൂടുതല്‍ നല്‍കാനും പാടില്ല. വസ്തു കൈമാറ്റംചെയ്യുന്ന ആധാരത്തില്‍ 20,000 രൂപയില്‍ അധികമുള്ള ഇടപാടുകള്‍ ചെക്ക്, ഡ്രാഫ്റ്റ് മുഖേനയോ ബാങ്ക് മുഖേനയോ പണം കൈപ്പറ്റി ആ വിവരം കൈമാറ്റംചെയ്യുന്ന പ്രമാണത്തില്‍ പ്രതിപാദിക്കണം.
https://www.facebook.com/Malayalivartha