സന എവിടെ..? തോട്ടില്‍ വീണിട്ടില്ല, അന്വേഷണം ബന്ധുക്കളെയും നാട്ടുകാരെയും കേന്ദ്രീകരിച്ച്
പാണത്തൂരില്‍ ആംഗന്‍വാടി വിദ്യാര്‍ഥിനിയായ മൂന്നര വയസുകാരിയെ കാണാതായതുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ബന്ധുക്കളിലേയ്ക്കും നാട്ടുകാരിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി നാട്ടുകാരില്‍ ചിലരെ രാജപുരം പോലീസ് ഞായറാഴ്ച ചോദ്യം ചെയ്തു. പാണത്തൂര്‍ സ്വദേശികളായ ബാപ്പുങ്കയത്തെ ഇബ്രാഹിം-ഹസീന ദമ്പതികളുടെ മകള്‍ സന ഫാത്തിമയെയാണു ഓഗസ്റ്റ് മൂന്നാം തീയതി വൈകുന്നേരം നാലോടെ കാണാതായത്.
കുട്ടി വീടിന് മുന്നിലെ ഓവുചാലില്‍ വീണ് ഒഴുക്കില്‍പെട്ടതാണെന്ന സംശയത്തെതുടര്‍ന്നു നാലു ദിവസമായി അഗ്നിശമനസേനയും പോലീസും നാട്ടുകാരും നടത്തിയ തിരച്ചില്‍ നിര്‍ത്തിവച്ചു. കുട്ടി ഒഴുക്കില്‍പെട്ടതാകാനിടയില്ലെന്നും മറ്റു വഴികളാണു കുട്ടിയുടെ തിരോധാനത്തിനു പിന്നിലെന്നും അന്വേഷണ സംഘം സംശയിക്കുന്നു. കാണാതായ സമയത്തു ഓവുചാലിനു സമീപത്തു നിന്നു കുട്ടിയുടെ ഒരു ചെരിപ്പും കുടയും കണ്ടെത്തിയിരുന്നു.
കുറച്ചുനാളുകളായി പ്രദേശത്തു തമ്പടിച്ചിരുന്ന നാടോടി സംഘത്തെ കാണാതായതായെന്ന നാട്ടുകാരുടെ പരാതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കുട്ടിയുടെ തിരോധാനത്തിലെ ദുരൂഹത സംബന്ധിച്ചു വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണു കേസന്വേഷിക്കുന്ന രാജപുരം പോലീസ് പറയുന്നത്.
പ്രദേശത്തുള്ള ആരെങ്കിലും ദുരുദ്ദേശത്തോടെ സനയെ തട്ടിക്കൊണ്ടാവാന്‍ സാധ്യയതുണ്ടെന്നും കുടുംബം സംശയിക്കുന്നു. ഇതേ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെടുന്നത്. സനയെ കാണാതായി മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്തിയെന്ന തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശം ചില ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. നൗഷാദ് ഇളംബാടിയെന്നയാളുടെ പേരിലായിരുന്നു ഈ സന്ദേശം.
ഈ നമ്പറില്‍ കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. കുറച്ചു സമയം കഴിഞ്ഞ് തെറ്റായ സന്ദേശം അയച്ചതില്‍ ക്ഷമ ചോദിക്കുന്നതായി മറ്റൊരു സന്ദേശം കൂടി വരികയായിരുന്നു. സനയെ കണ്ടെത്തിയെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതോടെ തൊട്ടടുത്ത ദിവസം മുതല്‍ കുട്ടിയെ കിട്ടിയല്ലോയെന്നു ചോദിച്ചു നിരവധി പേര് വിളിച്ചതായി ബന്ധു പറയുന്നു. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു.
ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ നീലേശ്വരം തീരദേശ പോലീസ് ഗാര്‍ഡുമാരായ സൈഫുദീന്‍, ചന്ദ്രന് വെള്ളൂര്‍, പി.നിധിന്, പി.ജംഷീദ് എന്നിവരുടെ നേതൃത്വത്തില്‍ പാണത്തൂര്‍ മുതല്‍ ബളാംതോടു വരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍, ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി കെ.ദാമോദരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha