എന്‍.സി.പി പിളര്‍പ്പിലേക്ക്
ഉഴവൂര്‍ വിജയനെ മന്ത്രി തോമസ് ചാണ്ടിയും കൂട്ടരും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ച് കൊന്നെന്ന ആരോപണം പുകയവേ എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന.
കലാകൗമുദി വാരികയാണ് ഉഴവൂരിന്റെ ഭാര്യയുടെ വിവാദ അഭിമുഖം പുറത്തുവിട്ടത്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു എന്നാണ് വിജയന്റെ ഭാര്യ വെളിപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ വിജയന്റെ സന്തത സഹചാരിയും എന്‍.സി.പി നേതാവുമായ സതീഷ് കല്ലക്കുളവും ഒപ്പമുണ്ടായിരുന്നു. കായംകുളത്ത് ഒരു പാലുകാച്ചിനു പോയതാണ് അസഭ്യവര്‍ഷത്തിനു കാരണമായത്. കലാകൗമുദി പക്ഷേ സുല്‍ഫിക്കര്‍ മയുരിയുടെ പേര് പുറത്തു വിട്ടില്ല.
തോമസ് ചാണ്ടിയുടെ വിശ്വസ്തനാണ് സുല്‍ഫിക്കര്‍ മയൂരി. എ.കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് നിന്നും പുറത്തായതോടെ ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍.സി.പി തലത്തില്‍ ആലോചനകള്‍ നടന്നു. എന്നാല്‍ വിജയന്‍ അതിന് എതിരായിരുന്നു. ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകട്ടെ എന്നായിരുന്നു വിജയന്റെ നിലപാട്. അന്വേഷണം പൂര്‍ത്തിയാകുന്ന വേളയില്‍ ശശീന്ദ്രന്‍ മന്ത്രിയാകട്ടെയെന്നും അതുവരെ എന്‍.സി.പിക്ക് മന്ത്രി സ്ഥാനം വേണ്ടെന്നും വാദിച്ചയാളാണ് വിജയന്‍. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടായിരുന്നു എന്നാണ് വിവരം.
എന്നാല്‍ സ്ഥിതിഗതികള്‍ വഷളാവുകയും എ.കെ.ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തിരിച്ചെത്താനാകാത്ത അവസ്ഥ സംജാതമാകുകയും ചെയ്തു. ശശീന്ദ്രനെ മംഗളം ട്രാപ്പ് ചെയ്തു എന്നു വിശ്വസിക്കുന്നവരാണ് അധികം പേരും. പി.സി ജോര്‍ജ് പോലും ഇക്കാര്യം കഴിഞ്ഞ ദിവസം മനോരമ ചാനലില്‍ ഉന്നയിച്ചു.
ശശീന്ദ്രന്‍ കേസ് അവസാനിച്ചാല്‍ അദ്ദേഹത്തെ മന്ത്രിയാക്കാന്‍ വിജയന്‍ ശ്രമിക്കുമെന്ന ഭയം തോമസ് ചാണ്ടിക്കുണ്ടായിരുന്നു. അതിനു മുമ്പ് വിജയനെ തല്‍സ്ഥാനത്ത് നിന്നും നീക്കാനും ചാണ്ടി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു സുല്‍ഫിക്കര്‍ മയൂരിയുടെ അസഭ്യവര്‍ഷം.
കലാകൗമുദിക്ക് പിന്നാലെ മനോരമ ചാനലും വിഷയം ഏറ്റെടുത്തതോടെയാണ് വിവാദം മൂത്തത്. അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിഷയം ഉന്നയിക്കും. അതോടെ എന്‍.സി.പി രണ്ടാകും. തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനത്തിനും ഇളക്കം തട്ടാന്‍ ഇത് ചിലപ്പോള്‍ വഴിയൊരുക്കിയേക്കും. വിജയന്റെ മരണത്തെ കുറിച്ച് ഒരു പരാതി അന്വേഷണ ഘട്ടത്തിലാണ്. അന്വേഷണം കൃത്യമായി നടന്നാല്‍ മയൂരിക്ക് ബുദ്ധിമുട്ടാകും.
എന്‍.സി.പി പിളര്‍പ്പിലേക്കാണെന്ന ധാരണ കൂടുതല്‍ സജീവമായിട്ടുണ്ട്. പാര്‍ട്ടി പിളര്‍ന്നാല്‍ അത് സി.പി.എം ഗുണകരമാക്കും. ഇപ്പോഴുള്ള മന്ത്രിയെ തന്നെ തള്ളി കളയുന്ന സ്ഥിതി വിശേഷം ഉണ്ടായികൂടെന്നില്ല. പിളര്‍പ്പിനു കാരണം സംസ്ഥാന പ്രസിഡന്റിന്റെ മരണമാകുന്നതാണ് ആശ്ചര്യകരം.
https://www.facebook.com/Malayalivartha