മുരുകനെ മറ്റാശുപത്രിയിലേക്ക് കൊണ്ടുപോയത് വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാല്‍:മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
വാഹനാപകടത്തെ തുടര്‍ന്ന് ഐ.സി.യു സംവിധാനമുള്ള ആമ്പുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശി മുരുകനെ വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാലാണ് മറ്റാശുപത്രിയിലേക്ക് കൊണ്ടു പോയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂട്ടിരുപ്പുകാരില്ലാത്തതിനാലാണ് മുരുകന് ചികിത്സ നിഷേധിച്ചെന്ന തരത്തിലുള്ള പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെത്തുന്ന നല്ലൊരു ശതമാനം പേരും കൂട്ടിരുപ്പുകാരില്ലാതെ അജ്ഞാതരായാണ് എത്തുന്നത്. പിന്നീടായിരിക്കും അപകടം അറിഞ്ഞ് ബന്ധുക്കളെത്തുക. ഇത്തരം അജ്ഞാത രോഗികളെ നോക്കാനായി അത്യാഹിത വിഭാഗത്തില്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
അപകടാവസ്ഥയില്‍ ഒരു പരിചയവുമില്ലാത്ത ആളുകളായിരിക്കും ഇവരെ അത്യാഹിത വിഭാഗത്തിലെത്തിക്കുക. എന്നാല്‍ കൊണ്ടു വരുന്ന ആള്‍ക്ക് ഒരു ബാധ്യതയും ആശുപത്രി അധികൃതര്‍ ഉണ്ടാക്കാറില്ല. അജ്ഞാതനായി ഒ.പി. ടിക്കറ്റെടുത്താല്‍ ഒരു അറ്റന്റര്‍ ഇദ്ദേഹത്തെ വിവിധ പരിശോധനകള്‍ക്കായി കൊണ്ടു പോകുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യും. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഡോക്ടര്‍ കൂടെ അനുഗമിച്ചാണ് വാര്‍ഡുകളിലോ ഐസിയുകളിലോ പ്രവേശിപ്പിക്കുന്നത്. മാത്രമല്ല ഇത്തരം അജ്ഞാത രോഗികളുടെ മരുന്നും മറ്റ് പരിശോധനകളുമെല്ലാം സൗജന്യമായാണ് ആശുപത്രി ചെയ്തു കൊടുക്കുന്നത്.
ന്യൂറോ സര്‍ജന്‍ ഇല്ലായെന്ന് റഫര്‍ ചെയ്താണ് കൊല്ലം മെഡിട്രീന ആശുപത്രിയില്‍ നിന്നും മുരുകനെ രാത്രി ഒരു മണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലെ സര്‍ജറി ഡ്യൂട്ടി ഡോക്ടര്‍ രോഗിയെ ആമ്പുലന്‍സിലെത്തി പരിശോധിച്ചു. മുരുകന്‍ അതീവ ഗുരുതരാവസ്ഥയില്‍ കോമാ സ്‌റ്റേജിലാണെന്ന് ഡോക്ടര്‍ കണ്ടെത്തി. ഈയൊരുവസ്ഥയില്‍ രോഗിക്ക് വെന്റിലേറ്റര്‍ സൗകര്യം അത്യാവശ്യമായതിനാല്‍ മെഡിക്കല്‍ കോളേജിലെ എല്ലാ ഐ.സി.യുകളിലും വെന്റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിച്ചു. എന്നാല്‍ ഇവിടെയുള്ള എല്ലാ വെന്റിലേറ്ററുകളിലും ഗുരുതരാവസ്ഥയിലുള്ള രോഗികളായിരുന്നു കിടന്നിരുന്നത്. അവരെ മാറ്റിയാല്‍ അവരുടെ ജീവന് ഭീഷണിയാകും.
തുടര്‍ന്ന് മുരുകനെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത് ആംബു ബാഗുപയോഗിച്ച് ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്താമെന്നുള്ള സാധ്യത ഡോക്ടര്‍മാര്‍ ആരാഞ്ഞു. എങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലുള്ള രോഗിയെ മാറ്റിയാലുള്ള അവസ്ഥ മുരുകനെ കൊണ്ടുവന്നവരോട് ഡോക്ടര്‍ വിവരിച്ചു. ഇക്കാര്യം ബോധ്യമായ അവര്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രി തേടിപ്പോകുകയായിരുന്നു.
മെഡിക്കല്‍ കോളേജിലെത്തിയ രോഗിയെ പരിശോധിക്കാനും വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാക്കാനുമുള്ള കാലതാമസം മാത്രമേ എടുത്തിരുന്നുള്ളു. ഈ രോഗി ഇവിടെ നിന്നും ഒ.പി. ടിക്കറ്റ് പോലും എടുത്തിട്ടില്ലായെന്നും സൂപ്രണ്ട് അറിയിച്ചു.
https://www.facebook.com/Malayalivartha