തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
ഗുരുതരാവസ്ഥയിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ ചികില്‍സ നിഷേധിച്ച് മരണത്തിലേക്കു തള്ളിവിട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച സ്വകാര്യ ആശുപത്രികളുടെ നടപടിയും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വാദവും അന്വേഷിക്കുമെന്നു ശൈലജ പറഞ്ഞു. വീഴ്ചവരുത്തിയ അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണു നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.
'തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകനെ ആശുപത്രികള്‍ മരണത്തിലേക്കു തള്ളിവിട്ടത് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധിയുടെയും സര്‍ക്കാര്‍ ഉത്തരവിന്റെയും ലംഘനമാണിത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വാദം പ്രത്യേകം അന്വേഷിക്കും.
ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ട്രോമാ കെയര്‍ സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കും' മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഗുരുതരമായ പരുക്കേറ്റ മുരുകനെ ആദ്യമെത്തിച്ച കൊല്ലം മെഡിട്രിന ആശുപത്രി, മെഡിസിറ്റി മെഡിക്കല്‍ കോളജ്, അസീസിയ മെഡിക്കല്‍ കോളജ്, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്‌യുടി ആശുപത്രി എന്നിവയ്‌ക്കെതിരെയാണു പൊലീസ് കേസെടുത്തത്. എഫ്‌ഐആറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രികളില്‍ പൊലീസ് പരിശോധന നടത്തി. ആശുപത്രികളുടെ നിലപാട് ഗുരുതര ചട്ടലംഘനമാണെന്നു കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗം പറഞ്ഞു. സംഭവത്തെപ്പറ്റി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് കമ്മിഷണറോട് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. ഇതിനിടെ, കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്കു യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
https://www.facebook.com/Malayalivartha