ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കുന്നു: ഇന്നു വീണ്ടും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേസ് പരിഗണനയില്‍
നടിയെ ഉപദ്രവിച്ച കേസില്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ ഇന്നു വീണ്ടും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ 'ഹാജരാക്കും'. റിമാന്‍ഡ് കാലാവധി തീരുന്ന ഇന്നു കോടതിയില്‍ നേരിട്ടു ഹാജരാക്കുന്നതിനു പകരമാണു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേസ് പരിഗണിക്കുന്നത്. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ചാണു കോടതി വിഡിയോ കോണ്‍ഫറന്‍സിങ് അനുവദിച്ചത്.
ശനിയാഴ്ച ജയില്‍ സന്ദര്‍ശിച്ച കന്യാസ്ത്രീ ദിലീപിനു കൗണ്‍സലിങ് നടത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതര്‍ പറഞ്ഞു. ജയിലില്‍ കൗണ്‍സലിങ് നടക്കുന്നതു ശനിയാഴ്ചയാണ്. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച അതുണ്ടായില്ല. ഞായറാഴ്ചകളില്‍ സന്നദ്ധപ്രവര്‍ത്തകരെത്തി പ്രാര്‍ഥന നടത്താറുണ്ട്. ദിലീപ് റിമാന്‍ഡിലായ ശേഷം സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണമുള്ളതിനാല്‍ ഇവരെയും അകത്തു കയറ്റിയിരുന്നില്ല. മൂന്നാഴ്ചയായി മുടങ്ങിയ പ്രാര്‍ഥന കഴിഞ്ഞ ഞായറാഴ്ച പുനരാരംഭിച്ചു.
സെല്ലുകളുടെ പ്രവേശന കവാടത്തിനരികിലാണു പ്രാര്‍ഥന നടത്തുന്നത്. ഇഷ്ടമുള്ള തടവുകാര്‍ക്കു പുറത്തു വരാന്തയില്‍ ഇരുന്നു പങ്കെടുക്കാം. ഈ സമയത്തും ദിലീപ് സെല്ലില്‍ നിന്നു പുറത്തിറങ്ങിയിരുന്നില്ല.
അതേസമയം, ഡോക്ടര്‍മാര്‍ ദിലീപിനെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമെന്നു റിപ്പോര്‍ട്ട് ചെയ്തു. രക്തസമ്മര്‍ദം സാധാരണ നിലയിലാണ്. ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഡോ. നിജി വര്‍ഗീസ് ജോഷ്വയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഇന്നലെയും ദിലീപിനെ പരിശോധിച്ചത്.
പ്രതിക്കു ചെറിയ ജലദോഷവും നേരിയ കാലുവേദനയുമുണ്ട്. അതിനു 'വൈറ്റമിന്‍ ഇ' അടങ്ങിയ ഗുളിക കൊടുത്തു. ദിലീപ് ജയിലില്‍ എത്തിയ ശേഷം മുടിയും താടിയും മുറിച്ചിട്ടില്ലെന്നും ജയിലധികൃതര്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha